
ന്യൂഡല്ഹി: സിയാച്ചിനിലുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റന് അന്ഷുമാന് സിങ്ങിന്റെ ഭാര്യ സ്മൃതി സിങിനെതിരെ ആരോപണവുമായി മാതാപിതാക്കൾ. കീർത്തി ചക്ര മരുമകൾ കൊണ്ടുപോയെന്നും തൊടാൻ പോലും കഴിഞ്ഞില്ലെന്നും അൻഷുമാൻ സിങ്ങിൻ്റെ പിതാവ് രവി പ്രതാപ് സിങ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു രവി പ്രതാപിന്റെ പ്രതികരണം. ''അൻഷുമാൻ്റെ സമ്മതത്തോടെയാണ് ഞങ്ങൾ അവരുടെ വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം അവര് എൻ്റെ മകളോടൊപ്പം നോയിഡയിൽ താമസം തുടങ്ങി. 2023 ജൂലൈ 19-ന്, അൻഷുമാൻ്റെ മരണ വിവരം ലഭിച്ചപ്പോൾ, ഞാൻ അവരെ ലഖ്നൗവിലേക്ക് വിളിച്ചു. ഞങ്ങൾ ഗോരഖ്പൂരിലേക്ക് പോയി. എന്നാൽ മരണാനന്തര ചടങ്ങുകൾക്ക് ശേഷം സ്മൃതി ഗുരുദാസ്പൂരിലേക്ക് മടങ്ങി. അടുത്ത ദിവസം അമ്മയോടൊപ്പം സ്മൃതി നോയിഡയിലേക്ക് പോയി. അൻഷുമാൻ്റെ ഫോട്ടോ ആൽബവും വസ്ത്രങ്ങളും മറ്റും അവര് കൊണ്ടുപോയി,” അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 5-ന് രാഷ്ട്രപതി തൻ്റെ മകന് സമ്മാനിച്ച കീർത്തി ചക്ര പോലും കൈവശം വയ്ക്കാൻ കഴിഞ്ഞില്ലെന്ന് രവി പ്രതാപ് സിംഗ് ആരോപിച്ചു. "അൻഷുമാന് കീർത്തി ചക്ര സമ്മാനിച്ചപ്പോൾ അമ്മയും ഭാര്യയും ആദരം ഏറ്റുവാങ്ങാൻ പോയി. രാഷ്ട്രപതി എൻ്റെ മകൻ്റെ ത്യാഗത്തെ കീർത്തി ചക്ര നൽകി ആദരിച്ചു, പക്ഷേ എനിക്ക് ഒരിക്കൽ പോലും തൊടാൻ കഴിഞ്ഞില്ല," രവി പ്രതാപ് സിംഗ് പറഞ്ഞു.
നേരത്തെ കീർത്തിചക്ര ഏറ്റുവാങ്ങിയതിന് ശേഷം സ്മൃതി സിങ്ങ് പങ്കുവെച്ച ഓർമ്മകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. പ്രണയത്തെ കുറിച്ചും അൻഷുമാൻ സിങ്ങിൻ്റെ ഓർമകളുമായിരുന്നു സ്മൃതി സിങ്ങ് പങ്കുവെച്ചത്. ' ജൂലൈ 18ന് ഞങ്ങൾ ദീർഘനേരം ഫോണിൽ സംസാരിച്ചിരുന്നു. അടുത്ത 50 കൊല്ലത്തെ ഞങ്ങളുടെ ജീവിതം എങ്ങനെയാണെന്ന് സംസാരിച്ചു. വീടുവയ്ക്കുന്നതിനെക്കുറിച്ചും പിറക്കാനിരിക്കുന്ന കുട്ടികളെക്കുറിച്ചും സംസാരിച്ചു. പിറ്റേന്ന് ഉറങ്ങിയെഴുന്നേൽക്കുമ്പോൾ അദ്ദേഹം തങ്ങളെ വിട്ടു പോയെന്ന് ഫോൺ വരുന്നു. അത് ഉൾകൊള്ളാൻ മണിക്കൂറുകൾ വേണ്ടി വന്നു', ക്യാപ്റ്റൻ അൻഷുമാൻ സിംഗിൻ്റെ ഭാര്യ സ്മൃതി സിങ്ങ് നിറകണ്ണുകളോടെയായിരുന്നു ഓർമ്മിച്ചത്.
അൻഷുമാനുമായുള്ള പ്രണയത്തെക്കുറിച്ചും സ്മൃതി വ്യക്തമാക്കിയിരുന്നു. 'എഞ്ചിനീയറിംഗ് കോളേജിലെ ആദ്യ ദിനത്തിലാണ് ഞങ്ങൾ കണ്ടു മുട്ടുന്നത്, ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലായി. ഒരു മാസത്തിന് ശേഷം അദ്ദേഹത്തെ ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജിലേക്ക് (AFMC) തിരഞ്ഞെടുത്തു. പിന്നീട് എട്ടു വർഷം നീണ്ട പ്രണയം. ഒടുവിൽ ഞങ്ങൾ വിവാഹിതരായി. ഇപ്പോൾ കീർത്തി ചക്രം എന്റെ കൈയിൽ ഉണ്ട്. അവൻ ഹീറോ ആണ്. മരണത്തിനു മുമ്പ് നാല് കുടുംബത്തെ രക്ഷിച്ചാണ് മടങ്ങിയത്' സ്മൃതി അനുസ്മരിച്ചിരുന്നു.
2023 ജൂലൈ 19 ന്, സിയാച്ചിൻ ഹിമാനിയിലെ ബങ്കറിലുണ്ടായ തീപിടുത്തത്തിലാണ് ക്യാപ്റ്റൻ അൻഷുമാൻ സിംഗ് മരിച്ചത്. ബങ്കറിനുള്ളിൽ പെട്ടുപോയ സൈനികരെ രക്ഷിക്കാൻ നടത്തിയ പ്രവർത്തനത്തിൽ പൊള്ളലേൽക്കുകയായിരുന്നു. നാല് സൈനികരെ അദ്ദേഹം സുരക്ഷിതമായി പുറത്തെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ അൻഷുമാൻ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.