ബിഎംഡബ്ല്യു കാർ ബൈക്കിലിടിച്ച് യുവതി മരിച്ച സംഭവം; കുറ്റം സമ്മതിച്ച് മുഖ്യപ്രതി മിഹിര് ഷാ

അപകടസമയത്ത് മദ്യപിച്ചിരുന്നതായി മിഹിര് ഷാ സമ്മതിച്ചിട്ടില്ല.

dot image

മുംബൈ: ആഡംബര കാറിടിച്ച് സ്കൂട്ടര് യാത്രക്കാരി മരിച്ച കേസില് മുഖ്യപ്രതിയായ മിഹിര് ഷാ കുറ്റം സമ്മതിച്ചു. ജൂലൈ ഏഴിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. ദമ്പതികളായ പ്രദീപ് നഖാവും കാവേരി നഖാവും ബൈക്കിൽ സഞ്ചരിക്കവേ അമിത വേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ടതോടെ പ്രദീപ് ചാടിയിറങ്ങിയെങ്കിലും കൈയിലെ ഭാരം കാരണം കാവേരിക്ക് ബൈക്കിൽ നിന്ന് ചാടിയിറങ്ങാനായില്ല. ഗുരുതരമായി പരിക്കേറ്റ കാവേരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിവസേന ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകനാണ് അറസ്റ്റിലായ മിഹിർ ഷാ

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന മിഹിറിനെ പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു. വിരാറിൽ നിന്ന് അറസ്റ്റ് ചെയ്ത ശേഷം ഷായെ ദാദറിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതിയെ ജൂലൈ 16 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടയച്ചിരിക്കുകയാണ്. സംഭവത്തിൽ കാർ ഉടമയും മിഹിർ ഷായുടെ പിതാവുമായ ശിവസേന ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ മിഹിർ ഷായെ കസ്റ്റഡിയിൽ എടുത്ത ശേഷം രാജേഷ് ഷായെ ജാമ്യത്തിൽ വിട്ടയച്ചു.

മിഹിറിന് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും രേഖകൾ ഇതുവരെ ലഭ്യമല്ലെന്ന് പൊലീസ് അറിയിച്ചു. കാർ ബൈക്കിൽ ഇടിച്ച ശേഷം മരിച്ച കാവേരി നഖാവു കാറിൻ്റെ ടയറുകളിലൊന്നിൽ കുടുങ്ങിയതായി മിഹിർ ഷായ്ക്ക് അറിയാമായിരുന്നു എന്നും മിഹിർ പൊലീസിനോട് പറഞ്ഞു. അപകടസമയത്ത് ഡ്രൈവറായ രാജേന്ദ്ര സിംഗ് ബിജാവത്തും മിഹിറിനൊപ്പം ഉണ്ടായിരുന്നു. ഇയാളെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഡ്രൈവർ കൂടെ ഉണ്ടായിരുന്നുവെങ്കിലും കാർ ഓടിച്ചിരുന്നത് താനാണെന്നും, രാജേന്ദ്ര സിംഗ് സൈഡ് സീറ്റിൽ ഇരിക്കുകയായിരുന്നു എന്നും മിഹിർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഇരുവരും ചേർന്ന് ബിഎംഡബ്ല്യുവിൻ്റെ നമ്പർ പ്ലേറ്റ് നശിപ്പിച്ചിരുന്നു. പൊലീസ് ഇത് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ അപകടസമയത്ത് മദ്യപിച്ചിരുന്നതായി മിഹിര് ഷാ സമ്മതിച്ചിട്ടില്ല.

അപകടത്തിന് ശേഷം മിഹിർ ഓട്ടോറിക്ഷയിൽ ഗോരേഗാവിലെ പെൺസുഹൃത്തിന്റെ വീട്ടിലെത്തി. ജൂലൈ ഏഴിന് രാവിലെ ഇവർ തമ്മിൽ 40 കോളുകളോളം വിളിച്ചതായി രേഖകളുണ്ട്. മിഹിര് ഷായുടെ പെൺസുഹൃത്തിനെ കസ്റ്റഡിയിലെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പെണ്സുഹൃത്തിന്റെ സഹോദരിയാണ് ഫോണില് മിഹിറിനെ ബോറിവള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയെന്നും ഉദ്യോഗസ്ഥർ പറയുന്നു. മിഹിറിന്റെ സുഹൃത്തിന്റെ മൊബൈല് ലോക്കേഷന് ട്രാക്ക് ചെയ്താണ് മിഹിറിനെ കണ്ടെത്തിയത്.

ബിഎംഡബ്ല്യു കാർ അപകടം; യുവാവ് പെണ്സുഹൃത്തിനെ വിളിച്ചത് 40 തവണ, യുവതിയെ കസ്റ്റഡിയിലെടുത്തേക്കും

മിഹിര് ഒളിവില് പോയത് മുതല് സുഹൃത്തിന്റെ ഫോണും സ്വിച്ച്ഡ് ഓഫായിരുന്നു. ചൊവ്വാഴ്ച രാവിലെ മിഹിറിന്റെ സുഹൃത്ത് അവ്ദീപ് തൻ്റെ മൊബൈൽ ഫോൺ സ്വിച്ച് ഓൺ ചെയ്തതിനെ തുടർന്ന് മിഹിറിനെ കണ്ടെത്തുകയായിരുന്നു. മിഹിറിൻ്റെ അമ്മയെയും, സഹോദരിമാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അപകടത്തിന് പിന്നാലെ മിഹിര് പിതാവ് രാജേഷ് ഷായെ വിളിച്ചതായും തെളിവുകളുണ്ട്. രാജേഷാണ് മകനോട് ഒളിവില് പോകാന് ആവശ്യപ്പെട്ടതും. സംഭവത്തിന്റെ ഉത്തരവാദിത്തം രാജേന്ദ്ര ഏറ്റെടുക്കുമെന്നും രാജേഷ് പറഞ്ഞതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. അന്വേഷണം നടക്കുന്ന സമയത്ത് പ്രതിയായ മിഹിർ ഷാ മുംബൈ പബ്ബിൽ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. പ്രതിയും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചിരുന്ന പബ്ബിന്റെ ഒരു ഭാഗം ബുള്ഡോസര് ഉപയോഗിച്ച് തകര്ത്തു. മുംബൈ മുന്സിപ്പല് കോര്പ്പറേഷനാണ് അനധികൃതമായി നിർമിച്ച ബാറിന്റെ ഒരു ഭാഗം തകര്ത്തത്.

dot image
To advertise here,contact us
dot image