
ലക്നൗ: കള്ളപ്പണക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കവിയെ അഞ്ച് മണിക്കൂറോളം ഇരുത്തി കവിത ചൊല്ലിച്ച് ഓൺലൈൻ തട്ടിപ്പുകാർ. ഉത്തർപ്രദേശിലെ കവിയും എഴുത്തുകാരനുമായ നരേഷ് സക്സേനയാണ് ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടത്.
ഒരു പരിപാടിക്ക് ഇറങ്ങാൻ നിൽക്കുമ്പോളായിരുന്നു കവിക്ക് ഒരു കോൾ വന്നത്. കള്ളപ്പണക്കേസിൽ കുടുക്കുമെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ ആദ്യം സംസാരിച്ചത്. പിന്നീട് മെല്ലെമെല്ലെ കവിത പാടലായി. അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ സ്വന്തം കവിതകൾക്ക് പുറമെ മിർസ ഗാലിബ് പോലെയുള്ളവരുടെ കവിതകളും തട്ടിപ്പുകാർ ചൊല്ലിച്ചത്രേ! മണിക്കൂറുകൾ കഴിഞ്ഞിട്ടും കവി പുറത്തിറങ്ങാത്ത കണ്ട വീട്ടുകാർ കതക് തുറന്ന് പരിശോധിച്ചപ്പോളാണ് തനിക്ക് 'പണി' കിട്ടിയെന്ന് കവി മനസിലാക്കിയത്.
ആധാർ കാർഡ് നഷ്ടപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു തട്ടിപ്പുകാർ ചോദിച്ച ആദ്യ ചോദ്യം. ഇല്ലെന്ന് പറഞ്ഞപ്പോൾ കവിയുടെ ആധാർ ദുരുപയോഗിക്കപ്പെട്ടിട്ടുണ്ടന്നും അവ ഉപയോഗിച്ച് ആരോ ഒരാൾ കോടികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തുവെന്ന് അറിയിച്ചു. സിബിഐയിലെ ഉദ്യോഗസ്ഥനായ രോഹൻ ശർമയാണ് താൻ എന്നാണ് അയാൾ പരിചയപ്പെടുത്തിയത്. അറസ്റ്റ് വാറണ്ട് ഉണ്ടെന്ന് പറഞ്ഞ ശേഷം, സാരമില്ലെന്നും താങ്കളെ കേസിൽ നിന്നൊഴിവാക്കാമെന്നും പറഞ്ഞു. ശേഷം ആധാർ, ബാങ്ക് അക്കൗണ്ട്, ഇൻകം ടാക്സ്, നിക്ഷേപങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും അന്വേഷിച്ചു.
ഇങ്ങനെയിരിക്കുമ്പോളാണ് കവിയുടെ റൂമിലെ പുസ്തകങ്ങൾ തട്ടിപ്പുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. കവിയാണെന്നറിഞ്ഞപ്പോൾ ഓൺലൈൻ തട്ടിപ്പുകാർക്ക് ഇത്തിരി കവിത കേട്ടാലെന്തെന്നായി. രോഹൻ ശർമയെന്ന് പരിചയപ്പെടുത്തിയ ആൾക്ക് പുറമെ മറ്റൊരാളും വന്നതോടെ കവിത 'ചൊല്ലിക്കൽ' മണിക്കൂറുകളോളം നീണ്ടു. കേസ് ഉടൻ തീർപ്പാക്കാമെന്നും ഇക്കാര്യങ്ങൾ ആരോടും പറയരുതെന്നുമെല്ലാം നിർദ്ദേശം നൽകി. ഏറെ നേരമായി മുറിയടച്ചിട്ടിരുന്ന കവി പുറത്തേക്ക് വരാത്തതെന്തെന്ന് മരുമകൾ അന്വേഷിച്ചുചെന്നപ്പോളാണ് തട്ടിപ്പുകാരുടെ വീഡിയോ കോൾ കണ്ടത്. തട്ടിപ്പുകാർ ഉടൻതന്നെ കോൾ കട്ട് ചെയ്തു. സംഭവത്തിൽ ഗോംതി നഗർ പൊലീസ് സ്റ്റേഷനിൽ കവി പരാതി നൽകിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയുമാണ്.