
മുംബൈ: ആഡംബര കാറിടിച്ച് സ്കൂട്ടര് യാത്രക്കാരി മരിച്ച കേസില് മുഖ്യപ്രതിയായ മിഹിര് ഷായുടെ പെൺസുഹൃത്തിനെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്. അപകട സമയത്ത് മിഹിർ 40 തവണ സുഹൃത്തിനെ വിളിച്ചതായി പൊലീസ് കണ്ടെത്തി. സംഭവത്തിന് ശേഷം ഓട്ടോറിക്ഷയിൽ പെണ്സുഹൃത്തിന്റെ വീട്ടിലെക്ക് യാത്ര ചെയ്യുമ്പോഴാണ് മിഹിര് ഫോൺ ചെയ്തിരുന്നത്. അപകടം നടന്ന ശേഷം മിഹിറും കൂടെയുണ്ടായിരുന്ന ഡ്രൈവറും സ്ഥലത്തുനിന്ന് കാറുമായി കടന്നുകളഞ്ഞിരുന്നു.
പിന്നീട് കല നഗറില്വെച്ചാണ് മിഹിര് കാറില്നിന്നിറങ്ങി ഓട്ടോറിക്ഷയിൽ കയറി പെണ്സുഹൃത്തിന്റെ വീട്ടിലെത്തിയത്. പെണ്സുഹൃത്ത് മിഹിറിന്റെ സഹോദരിയെ ഫോണില് വിളിച്ച് വിവരമറിയിച്ചു. തുടര്ന്ന് സഹോദരി ഇവിടെയെത്തി മിഹിറിനെയും സുഹൃത്തിനെയും ബോറിവള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഞായറാഴ്ച പുലര്ച്ചെയാണ് അപകടം നടന്നത്. ശിവസേന ഷിന്ഡേ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകന് മിഹിര് ഷാ ഓടിച്ച ബി എം ഡബ്ല്യൂ കാർ സ്കൂട്ടറില് ഇടിച്ചാണ് അപകടം നടന്നത്.
സംഭവത്തിന് ശേഷം അതേ ബിഎംഡബ്ല്യു കാറിൽ മിഹിർ ഷാ ബാന്ദ്രയിലെ കലാ നഗർ ഏരിയയിലേക്ക് പോയി. കേസിൽ കാർ ഉടമയായ ശിവസേന ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായെയും ഡ്രൈവർ രാജേന്ദ്ര സിംഗ് ബിജാവത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടസമയത്ത് മിഹിർ ഷായ്ക്കൊപ്പം ഡ്രൈവറും കൂടെ ഉണ്ടായിരുന്നു. അപകടത്തിന് പിന്നാലെ മിഹിർ പിതാവ് രാജേഷ് ഷായെ വിളിച്ച് സംഭവം പറഞ്ഞു. രാജേഷാണ് മകനോട് ഒളിവിൽ പോകാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന. സംഭവത്തിൻ്റെ ഉത്തരവാദിത്തം രാജേന്ദ്ര ഏറ്റെടുക്കുമെന്നും രാജേഷ് പറഞ്ഞതായി പൊലീസ് പറഞ്ഞു.
'ഫോണ് പെഗാസസ് ഹാക്ക് ചെയ്തു'; ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശം പങ്കുവെച്ച് ഇല്ത്തിജ