മുംബൈ ബിഎംഡബ്ല്യു അപകടം; പ്രതികളും സുഹൃത്തുകളും മണിക്കൂറുകള് ചെലവഴിച്ച ബാറിനെതിരെ നടപടി

നിയമ വിരുദ്ധമായി നിര്മിച്ച ബാറിന്റെ ഒരു ഭാഗം ബുള്ഡോസര് ഉപയോഗിച്ചാണ് മുംബൈ കോര്പ്പറേഷന് തകര്ത്തത്

dot image

മുംബൈ: മുംബൈ ബിഎംഡബ്യു കാര് അപകടത്തിലെ പ്രതിയും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചിരുന്ന ബാറിന്റെ ഒരു ഭാഗം ബുള്ഡോസര് ഉപയോഗിച്ച് തകര്ത്തു. മുംബൈ മുന്സിപ്പല് കോര്പ്പറേഷനാണ് അനധികൃതമായി നിർമിച്ച ബാറിന്റെ ഒരു ഭാഗം തകര്ത്തത്. അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യു കാര് ബൈക്കില് ഇടിച്ച് യുവതി മരിച്ച സംഭവത്തിലെ മുഖ്യപ്രതിയായ മിഹിര് ഷാ സംഭവത്തില് അറസ്റ്റിലായിരുന്നു.

മിഹിറിന്റെ സുഹൃത്തിന്റെ മൊബൈല് ലോക്കേഷന് ട്രാക്ക് ചെയ്താണ് മിഹിറിനെ കണ്ടെത്തിയത്. മിഹിര് ഒളിവില് പോയത് മുതല് സുഹൃത്തിന്റെ ഫോണും സ്വിച്ച്ഡ് ഓഫായിരുന്നു. ശിവസേന ഷിന്ഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകനാണ് അറസ്റ്റിലായ മിഹിര് ഷാ. ജൂലൈ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം. പിന്നീട് ഇയാള് ഒളിവില് പോയിരുന്നു. സംഭവത്തിന് പിന്നാലെ എക്സൈസ് വിഭാഗം ബാര് സീല് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബുള്ഡോസര് ഉപയോഗിച്ച് ബാറിന്റെ ഒരു ഭാഗം കോര്പ്പറേഷന് അധികൃതര് തകര്ത്തത്. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിറ്റതിനാലാണ് വൈസ് ഗ്ലോബല് തപസ് ബാര് എക്സൈസ് വിഭാഗം പൂട്ടി സീല് ചെയ്തത്. ലൈസന്സില്ലാതെ മദ്യം വിളമ്പി, ബാറിന് ചുറ്റും അനധികൃത നിര്മാണം നടത്തി എന്നീ വകുപ്പുകളും ബാര് ഉടമകള്ക്കു നേരെ ചുമത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അനധികൃതമായുള്ള നിര്മാണം കോര്പ്പറേഷന് ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയത്. ബോംബെ വിദേശമദ്യ ചട്ടങ്ങള് പ്രകാരണമാണ് നടപടിയെന്ന് അധികൃതര് അറിയിച്ചു.

ദമ്പതികളായ പ്രദീപ് നഖാവും കാവേരി നഖാവും ബൈക്കില് സഞ്ചരിക്കവേ മിഹിര് ഷാ ഓടിച്ച അമിത വേഗത്തിലെത്തിയ കാര് ബൈക്കില് ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. മത്സ്യത്തൊഴിലാളികളായ പ്രദീപും കാവേരിയും മത്സ്യം വാങ്ങി മടങ്ങുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ടതോടെ പ്രദീപ് ചാടിയിറങ്ങിയെങ്കിലും കൈയിലെ ഭാരം കാരണം കാവേരിക്ക് ബൈക്കില് നിന്ന് ചാടിയിറങ്ങാനായില്ല. ഗുരുതരമായി പരിക്കേറ്റ കാവേരിയെ ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

സംഭവത്തിന് ശേഷം അതേ ബിഎംഡബ്ല്യു കാറില് മിഹിര് ഷാ ബാന്ദ്രയിലെ കലാ നഗര് ഏരിയയിലേക്ക് പോയി. കേസില് കാര് ഉടമയായ ശിവസേന ഷിന്ഡെ വിഭാഗം നേതാവ് രാജേഷ് ഷായെയും ഡ്രൈവര് രാജേന്ദ്ര സിംഗ് ബിജാവത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടസമയത്ത് മിഹിര് ഷായ്ക്കൊപ്പം ഡ്രൈവറും കൂടെ ഉണ്ടായിരുന്നു. അപകടത്തിന് പിന്നാലെ മിഹിര് പിതാവ് രാജേഷ് ഷായെ വിളിച്ച് സംഭവം പറഞ്ഞു. രാജേഷാണ് മകനോട് ഒളിവില് പോകാന് ആവശ്യപ്പെട്ടതും. സംഭവത്തിന്റെ ഉത്തരവാദിത്തം രാജേന്ദ്ര ഏറ്റെടുക്കുമെന്നും രാജേഷ് പറഞ്ഞതായി പൊലീസ് പറഞ്ഞു.

ഐഎസ്ആര്ഒ ചാരക്കേസ് പൊലീസ് സൃഷ്ടി, കെട്ടിച്ചമച്ചത് സിഐ എസ് വിജയന്: സിബിഐ കുറ്റപത്രം

തുടര്ന്ന് മിഹിര് ഓട്ടോറിക്ഷയില് ഗോരേഗാവിലെ കാമുകിയുടെ വീട്ടിലെത്തി. ജൂലൈ ഏഴിന് രാവിലെ ഇവര് തമ്മില് 40 കോളുകളോളം വിളിച്ചതായി രേഖകളുണ്ട്. ചൊവ്വാഴ്ച രാവിലെ മിഹിറിന്റെ സുഹൃത്ത് അവ്ദീപ് തന്റെ മൊബൈല് ഫോണ് സ്വിച്ച് ഓണ് ചെയ്തതിനെ തുടര്ന്ന് മിഹിറിനെ കണ്ടെത്തുകയായിരുന്നു. മിഹിറിന്റെ അമ്മയെയും, സഹോദരിമാരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കാര് ഉടമയും മിഹിര് ഷായുടെ പിതാവുമായ ശിവസേന ഷിന്ഡെ വിഭാഗം നേതാവ് രാജേഷ് ഷായെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

dot image
To advertise here,contact us
dot image