'കർണ്ണാടകയിൽ വോട്ടർമാർക്കുള്ള നന്ദിപ്രകടനമായി മദ്യ വിതരണം'; പങ്ക് നിഷേധിച്ച് ബിജെപി എംപി

തൻ്റെ കരിയറിൽ ഒരിക്കലും രാഷ്ട്രീയ ലക്ഷ്യത്തോടെ മദ്യം വിതരണം ചെയ്തിട്ടില്ലെന്നും സംഭവം വിഷമമുണ്ടാക്കിയെന്നും എംപി കൂട്ടിചേർത്തു.

dot image

ചിക്കബല്ലാപ്പൂർ: പൊതു തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ചിക്കബല്ലാപ്പൂർ മണ്ഡലത്തിൽ വോട്ടർമാർക്ക് വേണ്ടി നടന്ന സൗജന്യ മദ്യ വിതരണത്തിന്റെ വീഡിയോ ദൃശ്യം പുറത്ത്. ചിക്കാബല്ലാപ്പൂർ എംപിയുടെ പങ്ക് ആരോപിച്ച് എക്സ് ഹാൻഡിലുകളിൽ ഈ ദൃശ്യങ്ങൾ പങ്കുവെയ്ക്കപ്പെട്ടിരുന്നു. വീഡിയോ ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ സംഭവത്തിലെ പങ്ക് നിഷേധിച്ച് ചിക്കബല്ലാപ്പൂർ എംപി കെ സുധാകർ രംഗത്ത് വന്നു. പാർട്ടിയിൽ നിന്നോ സഖ്യകക്ഷിയായ ജെഡിഎസിൽ നിന്നോ മദ്യവിതരണം സംഘടിപ്പിച്ചെങ്കിൽ തെറ്റാണെന്നും ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും സുധാകർ പറഞ്ഞു.

മദ്യവിതരണത്തിൽ പാർട്ടി ഭാരവാഹികൾ ഉത്തരവാദികളാണോ അതോ, പങ്കെടുത്തവർ സ്വന്തം നിലയിൽ മദ്യം കഴിച്ചതാണോ എന്നതിൽ തനിക്ക് ഉറപ്പില്ലെന്നും ബിജെപി എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. തൻ്റെ കരിയറിൽ ഒരിക്കലും രാഷ്ട്രീയ ലക്ഷ്യത്തോടെ മദ്യം വിതരണം ചെയ്തിട്ടില്ലെന്നും സംഭവം വിഷമമുണ്ടാക്കിയെന്നും എംപി കൂട്ടിചേർത്തു.

നേരത്തെ ചിക്കബല്ലാപൂർ എംപിയുടെ ലെറ്റർ ഹെഡിന് കീഴിൽ, മദ്യം വിളമ്പാനുള്ള അനുമതിയും സുരക്ഷാ വിന്യാസവും പോലീസ് വകുപ്പിനോട് പാർട്ടി ആവശ്യപ്പെട്ടിരുന്നു. ട്രക്കുകളിൽ കൊണ്ടുവന്ന മദ്യക്കുപ്പികൾ ശേഖരിക്കാൻ ആളുകൾ നീണ്ട ക്യൂവിൽ നിൽക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. എന്നാൽ, പരിപാടിയിൽ മദ്യം വിളമ്പരുതെന്ന് ബാംഗ്ലൂർ റൂറൽ പൊലീസ് സൂപ്രണ്ട് സംഘാടകരോട് പറഞ്ഞിരുന്നു. നിയമലംഘനം നടത്തിയാൽ നിയമനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ അധികൃതരുടെ ഈ മുന്നറിയിപ്പ് സംഘാടകർ അവഗണിച്ചു.

ഇതിനിടെ സംഭവത്തിൽ സംസ്ഥാന ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വിമർശനവുമായി രംഗത്തെത്തി. മദ്യം വിതരണം ചെയ്യുന്നത് ബിജെപിയുടെ സംസ്കാരമാണോ എന്നത് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ വിശദീകരിക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഡെങ്കിപ്പനി പിടിപെടുമ്പോൾ ബിജെപി നേതാക്കൾ മദ്യം വിതരണം ചെയ്യുന്ന തിരക്കിലാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുവും വിമർശിച്ചു.

dot image
To advertise here,contact us
dot image