
/topnews/national/2024/07/09/death-toll-of-soldiers-at-kathua-attack-rose-to-five
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ആറ് സൈനികർക്ക് പരിക്കേറ്റതായാണ് സൂചന.
കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയുമായിരുന്നു. ഉടൻ തന്നെ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടൽ ഉണ്ടായ മേഖലയിലേക്ക് കൂടുതൽ സൈനികരെത്തിയിരുന്നു.
അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഭീകരാക്രമണത്തെ അപലപിച്ചു. 'ജമ്മു കശ്മീരിലെ കത്വയിൽ നടന്ന ഭീകരാക്രമണത്തിൽ നമ്മുടെ ധീരരായ ഇന്ത്യൻ സൈനികരുടെ രക്തസാക്ഷിത്വത്തിൽ അഗാധമായ വേദനയുണ്ട്. ആറ് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യത്തിന് നേരെയുള്ള ഈ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു'; ഖാർഗെ എക്സിൽ കുറിച്ചു.
സംഭവത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അപലപിച്ചു. ഭീകരാക്രമണങ്ങൾ തടഞ്ഞേ പറ്റുവെന്നും പൊള്ളയായ വാഗ്ദാനങ്ങളും നുണകളും മാത്രം പോരെന്നും രാഹുൽ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം രജൗരി, കുൽഗാം മേഖലകളിൽ ഭീകരാക്രമണം ഉണ്ടായിരുന്നു. രണ്ടിടങ്ങളിലായി രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും, ആറ് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.
കുൽഗാം ജില്ലയിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഹിസ്ബുൾ മുജാഹിദീൻ ഭീകരരും താമസിച്ചിരുന്നത് ചിന്നിഗം ഫ്രീസാലിലെ ഒളിസങ്കേതത്തിലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഒളി സങ്കേതത്തിൽ താമസിച്ച ഭീകരർ അവിടെ ബങ്കർ നിർമ്മിച്ചതായും റിപ്പോർട്ട് പറയുന്നു. ഭീകരർക്ക് അഭയം നൽകിയതിൽ പ്രാദേശിക വാസികൾക്ക് പങ്കുണ്ടോ എന്ന അന്വേഷണത്തിലാണ് സൈന്യം. സൈന്യം ഭീകരർ താമസിച്ചിരുന്ന സ്ഥലത്ത് എത്തുന്നതും തിരച്ചിൽ നടത്തുന്നതുമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കുൽഗാമിലെ മദർഗാമിൽ നടന്ന ആദ്യ ഏറ്റുമുട്ടലിലാണ് ആദ്യ സൈനികന് ജീവൻ നഷ്ടമായത്. കുൽഗാമിലെ തന്നെ ചിനിഗാമിൽ നടന്ന നാല് ഭീകരരെ കൊലപ്പെടുത്തിയ ഓപ്പറേഷനിൽ മറ്റൊരു സൈനികന് കൂടി ജീവൻ നഷ്ടപ്പെട്ടു. പർദീപ് കുമാർ, പ്രവീൺ ജഞ്ജാൽ പ്രഭാകർ എന്നീ സൈനികരാണ് വീരമൃതു വരിച്ചത്. യാവർ ബഷീർ ദാർ, സാഹിദ് അഹമ്മദ് ദർ, തൗഹീദ് അഹമ്മദ് റാഥർ, ഷക്കീൽ അഹമ്മദ് വാനി എന്നിവരാണ് ചിനിഗാമിൽ കൊല്ലപ്പെട്ട നാല് ഭീകരർ. ഫൈസൽ, ആദിൽ എന്നീ രണ്ട് പേരുള്ള ഭീകരരാണ് മദർഗാമിൽ കൊല്ലപ്പെട്ട രണ്ട് ഭീകരർ.