
ഇംഫാൽ: പ്രതിപക്ഷ നേതാവായി ചുമതലയേറ്റതിന് ശേഷം ആദ്യമായി മണിപ്പൂർ സന്ദർശിച്ച് രാഹുൽ ഗാന്ധി. കുകി - സോമി, മെയ്തേയ് വിഭാഗങ്ങളെ നേരിട്ട് കണ്ട് രാഹുൽ സംവദിച്ചു. ഇത് മൂന്നാം തവണയാണ് രാഹുൽ മണിപ്പൂരിലെ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നത്. 'ഞാൻ ഇവിടെ എത്തിയിരിക്കുന്നത് നിങ്ങളുടെ സഹോദരനായാണ്. നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്ന ആളായാണ്. മണിപ്പൂരിലേക്ക് സമാധാനം തിരിച്ചുകൊണ്ടുവരാൻ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ആളായാണ്'; രാഹുൽ പറഞ്ഞു.
ഇന്ത്യൻ സർക്കാരും സ്വയം രാജ്യസ്നേഹികളെന്ന് കരുതുന്നവരും മണിപ്പൂരിലേക്ക് വരികയും ഇവിടെയുള്ളവരെ ചേർത്ത് നിർത്തുകയും സമാധാനം കൊണ്ടുവരുകയും വേണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. 'നരേന്ദ്രമോദിക്ക് ഒരു സന്ദേശം നൽകാനുണ്ട്. പ്രധാനമന്ത്രി ഇവിടെ വരേണ്ടതുണ്ട്. മണിപ്പൂരിലെ ജനങ്ങളെ കേൾക്കേണ്ടതുണ്ട്. മണിപ്പൂരിൽ നടക്കുന്നതെന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഇന്ത്യാ സർക്കാരിന്റെ അഭിമാനമായ സംസ്ഥാനമെന്ന നിലയിൽ പ്രധാനമന്ത്രി ഇത്രയെങ്കിലും ചെയ്യണം. ഒരു ദുരന്തവും സംഭവിച്ചിരുന്നില്ലെങ്കിലും പ്രധാനമന്ത്രി മണിപ്പൂരിൽ വരണം. അത് മണിപ്പൂരിലെ ജനങ്ങൾക്ക് ആശ്വാസം നൽകും'; രാഹുൽ കൂട്ടിച്ചേർത്തു.
മെയ് നാലിനാണ് മണിപ്പൂരിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ശേഷം ജൂണിലാണ് രാഹുൽ ആദ്യമായി സംസ്ഥാനത്തെത്തുന്നത്. പിന്നീട് 2024 ജനുവരിയിലും അദ്ദേഹം മണിപ്പൂരിലെത്തി. ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചത് മണിപ്പൂരിൽ നിന്നായിരുന്നു. മൂന്നാം തവണ ഇവിടെ വരുമ്പോൾ സംസ്ഥാനത്തെ സാഹചര്യങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ താൻ വല്ലാതെ നിരാശനായി. ക്യാമ്പുകളിലെത്തി താൻ ജനങ്ങളുടെ വേദനകൾ കേട്ടു. മണിപ്പൂർ ജനതയ്ക്ക് ധൈര്യം പകരാനും പ്രതിപക്ഷത്തിരുന്ന് സർക്കാരിൽ സമ്മർദ്ദം ചെലുത്തി മണിപ്പൂരിന്റെ ആവശ്യങ്ങൾ നിറവേറ്റാനുമാണ് താനിവിടെ വന്നതെന്നും രാഹുൽ പറഞ്ഞു.
അസ്സമിലെ സിൽചാറിലാണ് രാഹുൽ ആദ്യം എത്തിയത്. അവിടെയുള്ള കുകി-സോ വിഭാഗങ്ങളിലെ ജനങ്ങൾ താമസിക്കുന്ന ക്യാമ്പുകൾ അദ്ദേഹം സന്ദർശിച്ചു. മണിപ്പൂരിലുണ്ടായ കലാപങ്ങളിൽ നിന്ന് പാലായനം ചെയ്ത നിരവധി പേർ ഇവിടെയാണ് കഴിയുന്നത്. പുതിയതായി കലാപം പൊട്ടിപ്പുറപ്പെട്ട ജിരിബാം ജില്ല രാഹുൽ സന്ദർശിച്ചു. കഴിഞ്ഞ മാസമായിരുന്നു ഇവിടെ വീണ്ടും സംഘർഷമുണ്ടായത്. ജിരിബാമിലെ മെയ്തി ക്യാമ്പുകൾ രാഹുൽ സന്ദർശിച്ചു.
ലോക്സഭയിലെ ആദ്യ പ്രസംഗത്തിൽ മണിപ്പൂർ വിഷയം ഉന്നയിച്ച് കനത്ത ആക്രമണമാണ് രാഹുൽ ബിജെപിക്കുനേരെ അഴിച്ചുവിട്ടത്. നേരത്തെയും മണിപ്പൂർ സന്ദർശിച്ച രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും കലാപത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വിമർശിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മണിപ്പൂരിലെ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാത്ഥികളാണ് ജയിച്ചത്. ഇന്നർ മണിപ്പൂരിലും ഔട്ടർ മണിപ്പൂരിലും മികച്ച ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചത്.