
ന്യൂഡൽഹി: പ്രശസ്ത ടെലിവിഷൻ താരം ഹിന ഖാൻ അർബുദബാധിതയായത് ഞെട്ടലോടെയാണ് ബോളിവുഡ് ലോകം കേട്ടത്. പിന്നീട് നടി തന്നെ തന്റെ അസുഖത്തിന്റെ കാര്യം വളരെ പോസിറ്റിവ് ആയി ആളുകളെ അറിയിച്ചിരുന്നു. ഇപ്പോളിതാ, തന്റെ ചികിത്സാ പുരോഗതിയുടെ വിവരങ്ങൾ കൂടി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് താരം.
ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ ചികിത്സാപുരോഗതി താരം അറിയിച്ചിരിക്കുന്നത്. മൂന്നാം ഘട്ട സ്തനാർബുദ ബാധിതയായ താരം കീമോതെറാപ്പിക്ക് ശേഷം വന്ന പാടുകളുള്ള അഞ്ചോളം ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. വളരെ പ്രചോദനപരമായ അടിക്കുറിപ്പും അതിന് നൽകി. ' ഈ ചിത്രത്തിൽ നിങ്ങൾ എന്താണ് കാണുന്നത്? എൻ്റെ ശരീരത്തിലെ പാടുകളോ അതോ എൻ്റെ കണ്ണുകളിലെ പ്രതീക്ഷയോ? പാടുകൾ എൻ്റേതാണ്, അവ ഞാൻ അർഹിക്കുന്ന പുരോഗതിയുടെ ആദ്യ അടയാളമായതുകൊണ്ട് ഞാൻ അവയെ സ്നേഹത്തോടെ ആശ്ലേഷിക്കുകയാണ്. എൻ്റെ കണ്ണിലെ പ്രത്യാശ എൻ്റെ ആത്മാവിൻ്റെ പ്രതിഫലനമാണ്, എനിക്കിപ്പോൾ പ്രതീക്ഷയുടെ വെളിച്ചം കാണാനാകുന്നുണ്ട്...'; താരം കുറിച്ചു.
നിരവധി പേരാണ് ഹിന ഖാന്റെ ഈ പോസ്റ്റിന് താഴെ അവർക്ക് പിന്തുണയുമായി എത്തിയത്. പ്രശസ്ത ഡിസൈനറായ മസബ ഗുപ്ത 'സ്വയം നല്ലപോലെ സൂക്ഷിക്കൂ ഹിന' എന്നാണെഴുതിയത്. നടി ദൽജീത് കൗർ ' ഞങ്ങൾ എല്ലാവരും നിനക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് ഹിന, നീ വേഗം തിരിച്ചുവരും' എന്നാണെഴുതിയത്. ഇത്തരത്തിൽ എല്ലാവരും യാതൊരു ആശങ്കയുമില്ലാതെ തന്റെ അസുഖത്തെപ്പറ്റി കൂടുതൽ തുറന്നുപറഞ്ഞ ഹിനയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.
തന്റെ അസുഖത്തെ വളരെ പോസിറ്റിവായി സമീപിക്കുകയാണ് ഹിന ഖാൻ എപ്പോഴും. നേരത്തെ ക്യാൻസർ ബാധിച്ച സമയത്ത് മുടി മുറിക്കുന്ന വീഡിയോകൾ ഹിന പോസ്റ്റ് ചെയ്തിരുന്നു. അവയിലെല്ലാം ചിരിച്ച്, വളരെ ബോൾഡായി അസുഖത്തെ നേരിടുന്ന ആളായാണ് ഹിന ഖാൻ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടുതന്നെ ഈ അവസ്ഥയെയും വളരെ പോസിറ്റിവ് ആയ മനസ്സോടെ താൻ മറികടക്കും എന്ന സന്ദേശം കൂടിയാണ് ഹിനയുടെ പുതിയ പോസ്റ്റ്.