
/topnews/national/2024/07/04/the-cisf-officer-who-beat-up-kangana-has-been-transferred
ന്യൂഡല്ഹി: കഴിഞ്ഞ മാസം ചണ്ഡീഗഡ് വിമാനത്താവളത്തിൽ വെച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ മർദ്ദിച്ച സിഐഎസ്എഫ് കോൺസ്റ്റബിൾ കുല്വിന്ദര് കൗറിനെ സ്ഥലം മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അച്ചടക്ക അന്വേഷണത്തിനായി ബെംഗളൂരുവിലെ യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
കുൽവിന്ദർ കൗർ സസ്പെൻഷനിലാണെന്നും അച്ചടക്ക അന്വേഷണത്തിനായി ബെംഗളൂരുവിലെ പത്താം റിസർവ് ബറ്റാലിയനിലേക്ക് നിയമിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ സംഭവത്തിന് തൊട്ടുപിന്നാലെ ജൂൺ ആറിനാണ് കുല്വിന്ദര് കൗറിനെ സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥയ്ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ചണ്ഡീഗഢ് വിമാനത്താവളത്തില് വെച്ചായിരുന്നു സംഭവം.
സംഭവം നടന്നയുടനെ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് യുവതിയെ യൂണിറ്റിലേക്ക് മാറ്റിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള് അറിയിച്ചു. വിഷയത്തിൽ സീനിയർ കമാൻഡൻ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തുന്നുണ്ട്. കോൺസ്റ്റബിൾ, അന്ന് വിമാനത്താവളത്തിലുണ്ടായിരുന്ന അവളുടെ സഹപ്രവർത്തകർ, ഷിഫ്റ്റ് ഇൻ-ചാർജ്, ചില എയർലൈൻ ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തി വരികയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അന്വേഷണത്തിന് കുറച്ച് സമയമെടുക്കുമെന്നും അതിന് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് അറിയിപ്പ്.
വിമാനത്താവളത്തിനുള്ളില് വെച്ച് സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ കങ്കണ റണാവത്തിനെ തല്ലുകയായിരുന്നുവെന്നും ഇവര്ക്കെതിരെ ഉടന് നടപടിയെടുക്കണമെന്നും കങ്കണ ആവശ്യപ്പെട്ടിരുന്നു. സെക്യൂരിറ്റി ചെക്കിങിനിടെയാണ് തനിക്ക് മര്ദ്ദനമേറ്റതെന്നും, തന്നെ കാത്തുനിന്ന് മര്ദ്ദിക്കുകയായിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് കങ്കണ പറഞ്ഞത്.
കര്ഷക സമരം സംബന്ധിച്ച് കങ്കണ മുമ്പ് നടത്തിയ പരാമര്ശമാണ് തന്നെ ചൊടിപ്പിച്ചതെന്നും കര്ഷകരെ അധിക്ഷേപിച്ചതിനോടാണ് താന് പ്രതികരിച്ചതെന്നും കുല്വിന്ദര് കൗര് പ്രതികരിച്ചിരുന്നു. 'നൂറ് രൂപ കിട്ടാനാണ് കര്ഷകര് അവിടെ പോയിരിക്കുന്നതെന്നാണ് കങ്കണ പറഞ്ഞത്. അവര് പോയി അവിടെ ഇരിക്കുമോ? അവര് ഈ പ്രതികരണം നടത്തുമ്പോള് എന്റെ അമ്മയും കര്ഷകര്ക്കൊപ്പം സമരത്തിലായിരുന്നു' എന്നാണ് കുല്വിന്ദര് കൗര് അന്ന് പ്രതികരിച്ചത്.