
/topnews/national/2024/07/03/senior-bjp-leader-lal-krishna-advani-in-hospital-again-health-status-is-satisfactory
ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവ് എൽ കെ അദ്വാനി (96)യെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അദ്വാനി നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ന്യൂറോളജി സീനിയർ കൺസൾട്ടൻ്റ് ഡോ വിനീത് സൂരിയാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.
വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ച ആദ്യം അദ്വാനിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെ തുടർന്ന് ജൂൺ 27ന് രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യൂറോളജി വിഭാഗം ഡോക്ടർമാരാണ് അന്ന് അദ്വാനിയെ ചികിത്സിച്ചിരുന്നത്.
രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകി മുൻ ഉപപ്രധാനമന്ത്രിയായ എൽ കെ അദ്വാനിയെ മൂന്ന് മാസങ്ങൾക്ക് മുമ്പ് രാജ്യം ആദരിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഡൽഹിയിലെ വസതിയിൽ നടന്ന പരിപാടിയിൽ അന്ന് അദ്വാനി പങ്കെടുത്തിരുന്നു.