
ഡൽഹി: ഹാഥ്റാസിൽ നൂറ് കണക്കിന് പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത് താൻ പോയതിന് ശേഷമെന്ന് ആൾദൈവം ഭോലെ ബാബ. സാമൂഹിക വിരുദ്ധരാണ് അപകടത്തിന് കാരണമെന്നും ഭോലെ ബാബ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇയാളുടെ പ്രതികരണം. മരണത്തിൽ അപലപിച്ച ബാബ എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായില്ല.
മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ബാബ പ്രസ്താവനയിൽ പറഞ്ഞു. 22 പേരാണ് ഹാഥ്റസിൽ കൊല്ലപ്പെട്ടത്. ആൾദൈവം യാത്ര ചെയ്ത കാര് നീങ്ങിയപ്പോഴുണ്ടായ പൊടിപടലം ശേഖരിക്കാൻ ജനങ്ങൾ തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിന് പ്രധാന കാരണമെന്നാണ് റിപ്പോർട്ട്.
അലിഗഢില് എല്ലാ ചൊവ്വാഴ്ചയും ആയിരക്കണക്കിന് ആളുകള് പങ്കെടുക്കുന്ന ഭോലെ ബാബയുടെ പരിപാടികള് സംഘടിപ്പിക്കാറുണ്ടെന്നാണ് വിവരം. ഈ പരിപാടികളിൽ പ്രതേക പ്രാർത്ഥനകളും ഭക്ഷണ വിതരണവും ഉണ്ടാകാറുണ്ട്. കോവിഡ് കാലത്താണ് ഇദ്ദേഹം കൂടുതല് പ്രസിദ്ധനാകുന്നത്. 'സത്സംഗ്' സമാപന ചടങ്ങിന്റെ അവസാനത്തിലാണ് ഇന്ന് അപകടം നടന്നത്.
ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിലേക്ക് കടക്കാനും പുറത്തിറങ്ങാനും ഒരു വഴി മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സംഭവത്തിന് പിന്നാലെ 'ഭോലെ ബാബ' അഥവാ നാരായണ് സാകര് ഹരി ഒളിവിൽ പോയെന്നാണ് പൊലീസ് നൽകുന്ന വിവരം. പൊലീസ് ഇദ്ദേഹത്തെ കാണാനായി മെയിൻപുരിയിലെ ആശ്രമത്തിലേക്ക് ചെന്നെങ്കിലും ഇയാൾ അവിടെ ഉണ്ടായിരുന്നില്ല. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കവെയാണ് പ്രതികരണം പുറത്തുവരുന്നത്.