
/topnews/national/2024/07/03/new-criminal-laws-old-wine-in-new-bottles-says-retired-sc-judge-justice-chelameswar
ന്യൂഡല്ഹി: ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ പുതിയ കുപ്പികളിലെ പഴയ വീഞ്ഞാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വർ. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത( BNS), സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത (BNSS) ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയ (BSA) എന്നിവയാണ് നിലവിൽ വന്നത്. പേരില് മാറ്റമുണ്ടെങ്കിലും അടിസ്ഥാനപരമായി അതിന്റെ ഉള്ളടക്കത്തില് മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചില മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും അതിരു കടന്നതാണെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോൾ ബിഎസ്എ എന്നറിയപ്പെടുന്ന ഇന്ത്യൻ എവിഡൻസ് ആക്ടിൽ കൊണ്ടുവന്ന മാറ്റങ്ങളില്, കേസ് ഹിയറിംഗുകളിൽ അനാവശ്യ കാലതാമസം ഒഴിവാക്കാൻ കോടതികൾക്ക് പരമാവധി രണ്ട് അഡ്ജോൺമെൻ്റുകൾ അനുവദിച്ചിട്ടുണ്ട്. വിചാരണ അവസാനിച്ച് 45 ദിവസത്തിനകം ക്രിമിനൽ കേസിൻ്റെ വിധി പറയണം. ആദ്യ വാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തണം. കോടതികൾ എങ്ങനെയാണ് ഇത്രയും കർശനമായ സമയപരിധി നൽകുവാൻ പോകുന്നതെന്നും ജസ്റ്റിസ് ചെലമേശ്വർ ചോദിച്ചു. രാജ്യത്തെ പബ്ലിക് പ്രോസിക്യൂഷൻ സംവിധാനത്തെക്കുറിച്ചും മുൻ സുപ്രീം കോടതി ജഡ്ജി ചോദ്യങ്ങൾ ഉന്നയിച്ചു.
'പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാം. കാലക്രമേണ, രാജ്യത്തുടനീളമുള്ള പബ്ലിക് പ്രോസിക്യൂട്ടർമാരുടെ തിരഞ്ഞെടുപ്പിലും നിയമന പ്രക്രിയയിലും അപ്രസക്തവും അനാവശ്യവുമായ നിരവധി പരിഗണനകൾ കടന്നുകൂടി'യെന്നും ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞു.