
ന്യൂഡല്ഹി: നീറ്റ്-യുജി പേപ്പർ ചോർച്ച കേസിലെ പ്രധാന സൂത്രധാരനെന്ന് പറയപ്പെടുന്ന അമൻ സിങ്ങിനെ ജാർഖണ്ഡിലെ ധൻബാദിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു. നീറ്റ്-യുജി അന്വേഷണവുമായി ബന്ധപ്പെട്ട് ഏഴാമത്തെ അറസ്റ്റാണിത്. ഹസാരി ബാഗിലെ സ്കൂളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്. കേസിൽ നേരത്തെ ഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പൾ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെന്റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം അറസ്റ്റിലായിരുന്നു.
നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയില് ഗുജറാത്തിലും ബിഹാറിലുമടക്കം സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഗോദ്ര, അഹമ്മദാബാദ് ഉള്പ്പെടെ ഏഴ് ഇടങ്ങളിലാണ് സിബിഐ നേരത്തെ പരിശോധന നടത്തിയത്. നീറ്റ് ചോദ്യപേപ്പര് ചോര്ച്ചയില് മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര് ആദ്യം അറസ്റ്റിലായിരുന്നു. മനീഷ് പ്രകാശ്, അശുതോഷ് കുമാര് എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിഹാറിലെ പട്നയില് നിന്നാണ് ഇവര് അറസ്റ്റിലായത്. സിബിഐ വൃത്തങ്ങള് പറയുന്നതനുസരിച്ച് മനീഷ് കുമാറാണ് തന്റെ കാറില് വിദ്യാര്ത്ഥികളെ ഒരു ഒഴിഞ്ഞ സ്കൂള് കെട്ടിടത്തിലെത്തിച്ച് ചോര്ത്തിയ ചോദ്യപേപ്പറുകള് നല്കിയത്. അശുതോഷിന്റെ വീട്ടിലാണ് വിദ്യാര്ഥികളെ താമസിപ്പിച്ചതെന്നും റിപ്പോര്ട്ടുകളുണ്ട്.
വലിയ ക്രമക്കേടുകളാണ് നീറ്റ് പരീക്ഷയിൽ നടന്നതെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. കഴിഞ്ഞ തവണ നീറ്റ് പരീക്ഷ എഴുതിയവരില് രണ്ടുപേര് മാത്രം മുഴുവന് മാര്ക്ക് നേടിയപ്പോള് ഇത്തവണ 67 പേര്ക്കാണ് ഒന്നാം റാങ്ക് കിട്ടിയത്. ഇതില് ഏഴു പേര് ഒരേ ഇന്സ്റ്റിറ്റ്യൂട്ടില് പഠിച്ചവരായിരുന്നു. ഈ അസ്വാഭാവികതയാണ് വിവാദത്തിന് അടിസ്ഥാനമായതും അന്വേഷണത്തിലേക്ക് നീണ്ടതും. 23 ലക്ഷത്തിലധികം വിദ്യാര്ത്ഥികള് എഴുതിയ പരീക്ഷയില് കേരളത്തില് നിന്ന് മാത്രം യോഗ്യത നേടിയത് 86,681 കുട്ടികളാണ്. സര്ക്കാര്-സ്വകാര്യ മേഖലയിലായി ആകെ ലഭ്യമായ സീറ്റ് ഒരു ലക്ഷത്തിന് അടുത്താണ്. സംസ്ഥാനത്ത് ഇത് 1500ല് താഴെ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും ദുഷ്കരമായ പരീക്ഷ പാസായിട്ടും ഉപരിപഠനം ഇവര്ക്ക് മുന്നില് വലിയ ചോദ്യ ചിഹ്നമാണ്. പുനര് മൂല്യനിര്ണയമോ പുനഃപരീക്ഷയോ നടത്തണം എന്നുള്ളതായിരുന്നു വിദ്യാര്ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
2023ലെ നീറ്റ് പരീക്ഷയില് മൂന്ന് വിദ്യാര്ഥികള്ക്ക് മാത്രമാണ് 716 മാര്ക്ക് ലഭിച്ചത്, ഇത്തവണ 72 പേര്ക്ക് 716 മാര്ക്ക് കിട്ടി. 706 മാര്ക്കുള്ള 88 വിദ്യാര്ഥികളാണ് 2023ലുണ്ടായിരുന്നത്. ഇത്തവണ 812 ആയി പത്തുമടങ്ങ് വര്ധിച്ചു. 650 മാര്ക്കുള്ള 7228 കുട്ടികള് മാത്രമാണ് കഴിഞ്ഞ വര്ഷമുണ്ടായിരുന്നത്, ഇത്തവണ 650 മാര്ക്ക് വാങ്ങിയവരുടെ എണ്ണത്തില് മൂന്നിരട്ടി വര്ധനയുണ്ടായി. ഇതോടെ 650ല് താഴെ മാര്ക്കുവാങ്ങിയവര് റാങ്ക് ലിസ്റ്റില് പിന്നിലായി. പരീക്ഷയെഴുതാന് നിശ്ചിത സമയം ലഭിക്കാതിരുന്ന സെന്ററുകളിലെ വിദ്യാര്ഥികള്ക്കാണ് ഗ്രേസ് മാര്ക്ക് നല്കിയത്. എന്നാല് നീറ്റ് പരീക്ഷയില് ഈ രീതിയില് മാര്ക്ക് നല്കാന് വ്യവസ്ഥയില്ല.