
ബെംഗളുരു: വ്യാജ എകെ 47 തോക്കുകളും അംഗരക്ഷകരുമായി റീൽസ് ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ബെംഗളൂരുവിൽ പിടിയിൽ. 26 കാരനെ ആയുധം കൈവശം വെയ്ക്കൽ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തോക്കുകളുമായി പോസ് ചെയ്യുന്നത് വഴി ജനങ്ങളിൽ പരിഭ്രാന്തി പരത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അരുൺ കട്ടാരെയാണ് അറസ്റ്റിലായിരിക്കുന്നത്.
കാട്ടാരെയുടെ പ്രവർത്തനങ്ങൾ പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികെയാണ് എകെ 47 തോക്കുമായി ഒരാൾ കറങ്ങി നടക്കുന്നതായി വിവരം ലഭിച്ചത്. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് കട്ടാരെയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം, വ്യാജ തോക്ക് ഉപയോഗിച്ച് പരിഭ്രാന്തി സൃഷ്ടിച്ചതിന് പൊലീസ് കട്ടാരെക്കെതിരെ ആയുധ നിയമവും ഐപിസി 290 (ഇപ്പോൾ ഭാരതീയ ന്യായ സംഹിത) വകുപ്പും പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ കട്ടാരെ ആഭരണങ്ങൾ, തോക്കുകൾ എന്നിവ പരിചയപ്പെടുത്താറുണ്ട്. ഇയാൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വച്ച് യുവതികളുമായി ചേർന്നും ആഡംബര കാറുകളും ബൈക്കുകളും ഉപയോഗിച്ചും റീൽ ചെയ്യുന്നത് പതിവാണ്. നിരവധി ഫോളോവേഴ്സാണ് ഇയാൾക്ക് സോഷ്യൽ മീഡിയയിലുള്ളത്. പാരപ്പന അഗ്രഹാര ജയിലിലാണ് ഇപ്പോൾ പ്രതിയുള്ളത്. 'ഞങ്ങൾ കണ്ടുകൊണ്ടിരിക്കുക മാത്രമല്ല, പ്രവർത്തിക്കുകയും ചെയ്യുന്നു' എന്ന് കട്ടാരെയുടെ അറസ്റ്റിന് പിന്നാലെ ബെംഗളുരു പൊലീസ് എക്സിൽ കുറിച്ചു. ലൈക്കുകളെങ്ങനെയാണ് വിലങ്ങാകുന്നത് എന്ന് കാണിക്കുന്ന വീഡിയോയും പൊലീസ് എക്സിൽ പങ്കുവച്ചിട്ടുണ്ട്.
That moment when 'likes' turn into 'cuffs'. Bengaluru City Police doesn't just watch; we act#WeServeWeProtect pic.twitter.com/YKMTefvxvl
— ಬೆಂಗಳೂರು ನಗರ ಪೊಲೀಸ್ BengaluruCityPolice (@BlrCityPolice) July 2, 2024