
ഭോപ്പാൽ: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ സ്റ്റീൽ ചീള് വയറ്റിൽ തുളച്ച് കയറി അഞ്ച് വയസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 300 കിലോ മീറ്റർ അകലെയായുള്ള ജബൽ പൂരിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
പടക്കം പറന്നു പോകുമെന്ന് കരുതി സ്റ്റീൽ ഗ്ലാസുകൊണ്ട് മൂടാൻ ദീപക് താക്കൂറെന്ന യുവാവും സുഹൃത്തുക്കളും തീരുമാനിച്ചു. അത് പൊട്ടിത്തെറിച്ചപ്പോൾ ഗ്ലാസ് പല കഷണങ്ങളായി ചിതറി. ആ കഷണങ്ങളിലൊന്ന് അകലെ നിന്നിരുന്ന കുട്ടിയുടെ വയറ്റിൽ തുളച്ചു കയറുകയായിരുന്നു.
കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്ന് വരികയാണ്.