നടുക്കം മാറാതെ ലോണാവാല വെള്ളച്ചാട്ട ദുരന്തം; പിന്നാലെ പൂനെയിലും വെള്ളച്ചാട്ടത്തിൽ ഒരാൾ ഒഴുകിപ്പോയി

ഇയാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്

dot image

പൂനെ: മഹാരാഷ്ട്രയിലെ ലോണാവാലയിലെ കുത്തിയൊഴുകുന്ന മലവെള്ളത്തിൽ വിനോദസഞ്ചാര സംഘത്തിലെ ഏഴ് പേർ ഒലിച്ചുപോയതിൻ്റെ നടുക്കം മാറുന്നതിന് മുന്നേ പൂനെയിലും സമാനമായ ദുരന്തം റിപ്പോർട്ട് ചെയ്തു. പൂനെയിലെ തംഹിനി ഘട്ടിലെ വെള്ളച്ചാട്ടത്തിൽ ഒരാൾ ഒഴുകിപ്പോയി. ഇയാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടത്തിൽ ഇയാൾ മുങ്ങുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. നീന്തി രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും രക്ഷപ്പെടാനായില്ല.

ട്രെക്കിങ് സംഘത്തിന്റെ ലീഡറായിരുന്ന ഇയാൾ തൻ്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമുൾപ്പെടെ 20 പേരോടൊപ്പം പിക്നിക് സ്പോട്ടിൽ എത്തിയതായിരുന്നു. തിരികെ നീന്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ വെള്ളച്ചാട്ടത്തിൽ മുങ്ങാൻ തീരുമാനിച്ചു. എന്നാൽ വെള്ളച്ചാട്ടത്തിൻ്റെ ശക്തമായ ഒഴുക്കിൽ അദ്ദേഹം ഒഴുകിപ്പോവുകയായിരുന്നു.

പിതാവിന്റെ സാഹസികത 10 വയസ്സുള്ള മകൾ റെക്കോർഡുചെയ്തിരുന്നു. കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടത്തിലേക്ക് ഇയാൾ മുങ്ങുന്നത് വീഡിയോയിൽ കാണാം. കരയിലേക്ക് നീന്താൻ ശ്രമിക്കുന്നുണ്ട്, പിടിച്ചുനിൽക്കാൻ എന്തെങ്കിലും കിട്ടുമോയെന്നും തിരയുന്നുണ്ട്. ഒടുവിൽ അയാൾ വെള്ളച്ചാട്ടത്തിൻ്റെ അരികിലുള്ള ഒരു പാറയിൽ മുറുകെ പിടിച്ചു, പക്ഷേ കുതിച്ചൊഴുകിയെത്തിയ വെള്ളത്തിൽ ഒഴുകിപ്പോയി.

ലോണാവാലയിലെ വെള്ളച്ചാട്ടത്തിൽ ഒരു കുടുംബം ഒഴുകിപ്പോയതിൻ്റെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. വീഡിയോയിൽ കുത്തിയൊഴുകിവരുന്ന മലവെള്ളത്തിന് നടുവിൽ ചെറിയ കുട്ടികളടക്കമുളള ഏഴ് പേർ പരസ്പരം കെട്ടിപ്പിടിച്ച് നിൽക്കുന്നത് കാണാം. ഒരിഞ്ച് പോലും അനങ്ങാൻ സാധിക്കാതെ നിൽക്കുന്ന ഇവർ പിന്നീട് ഒലിച്ചുപോകുകയായിരുന്നു. ആദ്യം കുട്ടികൾ ഒലിച്ചുപോകുകയും പിന്നാലെ മുതിർന്നവർ അടക്കമുള്ളവർ ഒലിച്ചുപോകുകയുമായിരുന്നു. വീഡിയോയിൽ മുതിർന്ന ഒരു പുരുഷൻ ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതായി കാണാമെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു.

dot image
To advertise here,contact us
dot image