നീറ്റ് പേപ്പർ ചോർച്ച; സൂത്രധാരന്മാരുടെ പേര് പുറത്ത് വിട്ട് പ്രതികൾ; മൊഴികളിൽ വൈരുദ്ധ്യമെന്ന് സിബിഐ

നീറ്റ് യുജി പേപ്പർ ചോർച്ച കേസിൽ നിർണ്ണായക വഴിത്തിരിവ്

dot image

ന്യൂഡൽഹി: നീറ്റ് യുജി പേപ്പർ ചോർച്ച കേസിൽ നിർണ്ണായക വഴിത്തിരിവ്. പിടിലായ പ്രതികളിൽ നിന്ന് മുഖ്യ സൂത്രധാരൻമാരുടെ പേര് വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ട്. പട്നയിലെ ബെയൂർ ജയിലിൽ കഴിയുന്ന പ്രതികളെ സിബിഐ ചോദ്യം വരികയാണ്. സഞ്ജീവ് മുഖിയ, സിക്കന്ദർ യാദവേന്ദു തുടങ്ങിയവരാണ് പരീക്ഷ പേപ്പർ ചോർച്ചയ്ക്ക് നേതൃത്വം നൽകിയത് എന്നാണ് സിബിഐ വൃത്തങ്ങൾ പറയുന്നത്. അതേ സമയം പ്രതികളുടെ മൊഴികളിൽ ഒട്ടേറെ വൈരുദ്ധ്യമുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണങ്ങൾക്കും ശേഷമേ കൃത്യമായ ചിത്രം ലഭിക്കുകയുള്ളൂ എന്നും സിബിഐ അറിയിച്ചു.

നീറ്റ്-യുജി പരീക്ഷയുടെ ഒരു ദിവസം മുമ്പ്, മെയ് നാലിന് പട്നയിലെ ലേൺ പ്ലേ സ്കൂളിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ സഞ്ജീവ് മുഖിയ 25 ഓളം ഉദ്യോഗാർത്ഥികളെ താമസിപ്പിച്ചിരുന്നുവെന്നും ചോർന്ന ചോദ്യപേപ്പറും ഉത്തരക്കടലാസും ഉദ്യോഗാർത്ഥികൾക്ക് നൽകിയത് ഇതേ ഹോസ്റ്റലിൽ വെച്ചാണ് എന്നും സിബിഐ വൃത്തങ്ങൾ പറഞ്ഞു. ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബിപിഎസ്സി) അധ്യാപക റിക്രൂട്ട്മെൻ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടതിന് സഞ്ജീവ് മുഖിയയുടെ മകൻ ശിവ് ഇതിനകം ജയിലിലാണ്.

ദാനാപൂർ മുനിസിപ്പൽ കമ്മറ്റിയിലെ ജൂനിയർ എഞ്ചിനീയറായ സിക്കന്ദർ യാദവേന്ദുവാണ് നീറ്റ് ചോദ്യപേപ്പർ അനധികൃത വിതരണത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രധാന പ്രതിയെന്ന് ബീഹാർ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് (ഇഒയു) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേന്ദ്രം സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത് വരെ വിഷയത്തിൽ അന്വേഷണം നടത്തിയിരുന്ന ഇ ഒ യു കേസുമായി ബന്ധപ്പെട്ട് 18 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശേഷം സിബിഐയും അറസ്റ്റുകൾ നടത്തി.

വീണ്ടും 'മന് കീ ബാത്ത്'; പ്രധാനമന്ത്രി ജനങ്ങളുമായി സംവദിക്കും
dot image
To advertise here,contact us
dot image