'ഡികെ മുഖ്യമന്ത്രിയാകട്ടെ, സിദ്ധരാമയ്യ അധികാരം കൈമാറണം'; ആവശ്യവുമായി വൊക്കലിഗ വിഭാഗം

അന്തിമ തീരുമാനം ഹൈക്കമാന്ഡിന്റേതാണെന്ന് സിദ്ധരാമയ്യ

dot image

ബെംഗളൂരു: ഉപമുഖ്യമന്ത്രിയും കര്ണാടക കോണ്ഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് വേണ്ടി സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി ഒഴിയണമെന്ന് ആവശ്യം. കെമ്പഗൗഡജയന്തി ആഘോഷത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വേദിയിലിരുത്തിയാണ് വിശ്വ വൊക്കലിഗ മഹാസമസ്താന മഠാധിപതി ചന്ദ്രശേഖർ സ്വാമിജി ഇക്കാര്യം ഉന്നയിച്ചത്. ഡി കെ ശിവകുമാര് ഇതുവരെയും മുഖ്യമന്ത്രി പദം അലങ്കരിച്ചില്ലെന്നും ഭാവിയില് സിദ്ധരാമയ്യ പദവി കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'എല്ലാവരും മുഖ്യമന്ത്രിയാവുകയും അധികാരം ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്, നമ്മുടെ ഡി കെ ശിവകുമാര് ഇതുവരെയും മുഖ്യമന്ത്രിയായിട്ടില്ല. സിദ്ധരാമയ്യ ഇതിനകം അധികാരത്തിലിരുന്നയാളാണ്. ഭാവിയില് സിദ്ധരാമയ്യ ഡികെ ശിവകുമാറിന് മുഖ്യമന്ത്രി പദം കൈമാറണം. ഒരിക്കല് കൂടി ഞാന് അപേക്ഷിക്കുകയാണ്, ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കൂ.' എന്നായിരുന്നു ചന്ദ്രശേഖർ സ്വാമിജിയുടെ വാക്കുകള്.

2023 നിയമസഭാ തിരഞ്ഞെടുപ്പില് സംഘടനയെ ശക്തിപ്പെടുത്തുന്നതില് നിര്ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പദം അര്ഹിക്കുന്നുണ്ടെന്നും പിന്നീട് ഒരു ടിവി ചാനലിനോട് നടത്തിയ പ്രതികരണത്തിലും അദ്ദേഹം ആവര്ത്തിച്ചു. കര്ണ്ണാടക ജനസംഖ്യയുടെ 15 ശതമാനം വരുന്ന വൊക്കലിഗ വിഭാഗത്തില് നിന്നുള്ള നേതാവാണ് ഡി കെ ശിവകുമാര്.

അന്തിമ തീരുമാനം ഹൈക്കമാന്ഡിന്റേതാണെന്നും, ഹൈക്കമാന്ഡ് നിര്ദേശ പ്രകാരം തീരുമാനം എടുക്കുമെന്നുമാണ് വിഷയത്തില് സിദ്ധരാമയ്യ പ്രതികരിച്ചത്. അതേസമയം, വൊക്കലിഗ വിഭാഗത്തില് നിന്നുള്ള പ്രതികരണം ആയുധമാക്കിയിരിക്കുകയാണ് ബിജെപി. കോണ്ഗ്രസ് സര്ക്കാരിന്റെ ഭരണം താളം തെറ്റിയിരിക്കുകയാണെന്നും അധികാര വടംവലിയാണ് പാര്ട്ടിക്കകത്തെന്നും ബിജെപി എംഎല്എ അശ്വന്ത് നാരായണ് പ്രതികരിച്ചു.

dot image
To advertise here,contact us
dot image