
ന്യൂഡൽഹി: തെലങ്കാനയിലെ വാറങ്കലിൽവെച്ച് ബെർത്ത് പൊട്ടിവീണ് ഒരാൾ മരിച്ച സംഭവത്തിൽ വിശദീകരണവുമായി റെയിൽവെ. ബെർത്തിന്റെ ചങ്ങല ശരിയായി ഇടാത്തതിനാലാണ് അപകടമുണ്ടായതെന്നും ബെർത്തിന് മറ്റു പ്രശ്നങ്ങളില്ലായിരുന്നുവെന്നും റെയിൽവെ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു മാറഞ്ചേരി സ്വദേശി അലിഖാ(62)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബെര്ത്ത് പൊട്ടി താഴത്തെ ബെര്ത്തില് കിടക്കുകയായിരുന്ന അലിഖാന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ചരിഞ്ഞ് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തില് ബെര്ത്ത് പതിച്ചതിനെത്തുടര്ന്ന് കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകള് പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയും ചെയ്തിരുന്നു.
എസ് 6 കോച്ചിലെ 57-ാം നമ്പർ ലോവർ ബെർത്തിലായിരുന്നു അലിഖാൻ യാത്ര ചെയ്തത്. മുകളിലെ യാത്രക്കാരൻ ബെർത്തിന്റെ ചങ്ങല ശരിയായ രീതിയിൽ ഇട്ടിരുന്നില്ല. ഇതോടെ മധ്യഭാഗത്തെ ബെർത്ത് പൊട്ടി താഴേയ്ക്ക് പതിക്കുകയായിരുന്നു എന്നാണ് റെയിൽവേ പറയുന്നത്. സീറ്റ് നിസ്സാമുദ്ദീൻ സ്റ്റേഷനിൽ വച്ച് പരിശോധിച്ചതായും റെയിൽവെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.