ബിജെപി നേതാവിന്റെ മരണം; അന്വേഷണത്തിൽ തുമ്പൊന്നുമില്ല, ദുരൂഹതയായി രാഷ്ട്രീയരഹസ്യങ്ങളുള്ള പെൻഡ്രൈവ്?

'വലിയ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിരുന്നു. രണ്ട് പെൻഡ്രൈവുകൾ മമത ലോക്കറിൽ സൂക്ഷിച്ചിരുന്നു'.

dot image

ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി വനിതാ നേതാവിന്റെ ദുരൂഹമരണം നടന്ന് ഒമ്പത് മാസത്തിനു ശേഷവും അന്വേഷണത്തിൽ തുമ്പൊന്നും ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പൊലീസ്. മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും പൊലീസ് കേസ് അന്വേഷിക്കുന്നുണ്ട്. ഇരുകൂട്ടരുടെയും വകുപ്പുതല അനാസ്ഥയാണ് അന്വേഷണം വഴിമുട്ടാൻ കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ബിജെപി നേതാവ് മമതാ യാദവിന്റെ മൃതദേഹം ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് കണ്ടെത്തിയത്. ശരീരത്തിലെ ടാറ്റൂ കണ്ടാണ് മൃതദേഹം കുടുംബം തിരിച്ചറിഞ്ഞത്. മൃതദേഹം ഇനിയും കുടുംബത്തിന് വിട്ടുനല്കിയിട്ടില്ല. 2023 സെപ്തംബർ 11 മുതൽ മമതയെ കാണാതാവുകയായിരുന്നു. ഒരാളിൽ നിന്ന് ഏഴ് ലക്ഷം രൂപ തിരികെവാങ്ങാനുണ്ടെന്ന് പറഞ്ഞാണ് മമത പ്രയാഗ്രാജിലേക്ക് പോയത്. പിന്നീട് നേരിട്ട് കണ്ടിട്ടില്ല. സെപ്തംബർ 21ന് അവർ സഹോദരനോട് ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് മമതയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനാൽ കുടുംബം പൊലീസിൽ പരാതി നൽകി. എന്നാൽ, നിരന്തരം പരാതിപ്പെട്ടിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്യാനോ അന്വേഷിക്കാനോ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു.

ഫെബ്രുവരിയിലാണ്, പ്രയാഗ്രാജിലേക്ക് മമതയുടെ സഹോദരനെ പൊലീസ് വിളിച്ചുവരുത്തിയത്. മമതയുടെ ഫോട്ടോകളും മൃതദേഹവും തിരിച്ചറിയാൻ പൊലീസ് ആവശ്യപ്പെട്ടു. സെപ്തംബർ 26ന് കണ്ടെത്തിയ മൃതദേഹം പൊലീസ് കുഴിച്ചുമൂടിയിരുന്നു. പിന്നീടാണ് അന്വേഷണം നടക്കുന്നതും സഹോദരനെ വിളിച്ചുവരുത്തുന്നതും. തന്റെ ജീവൻ അപകടത്തിലാണെന്ന് അവസാനം വിളിച്ചപ്പോൾ മമത പറഞ്ഞിരുന്നെന്നാണ് സഹോദരൻ പറയുന്നത്. നിരവധി രാഷ്ട്രീയക്കാരെക്കുറിച്ചുള്ള രഹസ്യവിവരങ്ങളടങ്ങിയ പെൻഡ്രൈവ് മമതയുടെ പക്കലുണ്ടായിരുന്നെന്നാണ് വിവരം. വലിയ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിരുന്നു. രണ്ട് പെൻഡ്രൈവുകൾ മമത ലോക്കറിൽ സൂക്ഷിച്ചിരുന്നു. അതിലെന്താണെന്ന് തന്നോട് പറഞ്ഞിരുന്നില്ലെന്നും സഹോദരൻ വെളിപ്പെടുത്തി.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ്വിജയ സിങ് മമതയുടെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, മമതയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ഊഹാപോഹങ്ങളെ ബിജെപി തള്ളിക്കളയുകയാണുണ്ടായത്.

dot image
To advertise here,contact us
dot image