
മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവായ സൂര്യകാന്ത പാട്ടീൽ പാർട്ടി വിട്ടു. 'എല്ലാറ്റിനും നന്ദി, കഴിഞ്ഞ 10 വർഷത്തിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചു' എന്നാണ് പാർട്ടി വിട്ട ശേഷം പാട്ടീൽ പ്രതികരിച്ചത്.
2004-09 കാലയളവിലെ യുപിഎ സർക്കാരിൽ എൻസിപി മന്ത്രിയായിരുന്നു സൂര്യകാന്ത പാട്ടീൽ. പിന്നീട് 2014ൽ എൻസിപി വിട്ട് ബിജെപിയിലേക്ക് വന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹിങ്കോളി ലോക്സഭാ മണ്ഡലത്തിൽ പാർട്ടി സീറ്റ് നിഷേധിച്ചതോടെ സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്യമായി സൂര്യകാന്ത പാട്ടീൽ പ്രതിഷേധമറിയിച്ചിരുന്നു.
ഹിങ്കോളി - നന്ദേദ് മണ്ഡലത്തിലെത്തന്നെ നാല് തവണ എംപിയും ഒരു തവണ എംഎൽഎയുമായിട്ടുണ്ട് സൂര്യകാന്ത പാട്ടീൽ. സീറ്റ് നിഷേധിച്ച പാർട്ടി മറ്റൊരു മണ്ഡലത്തിലെ പ്രചാരണചുമതലയാണ് പാട്ടീലിന് നൽകിയത്. എന്നാൽ ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി കൂടി ആയതോടെയാണ് പാട്ടീൽ പാർട്ടി വിട്ടത്.