
ന്യൂഡൽഹി: കേന്ദ്രസർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ അറ്റൻഡൻസ് മാനദണ്ഡങ്ങളിൽ മാറ്റം. കേന്ദ്ര സർക്കാർ ഓഫിസുകളിലെ ജീവനക്കാർ 9.15നെങ്കിലും ജോലിക്കെത്തിയിരിക്കണമെന്നാണ് പുതിയ ഉത്തരവ്. 9.15ന് എത്താൻ സാധിച്ചില്ലെങ്കിൽ പകുതി ദിവസത്തെ ലീവ് രേഖപ്പെടുത്തണമെന്നുമാണ് ഡിപാർട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിങ് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നത്.
ഒമ്പത് മുതൽ വൈകീട്ട് 5.30 വരെയാണ് കേന്ദ്ര സർക്കാർ ഓഫിസുകളിലെ ജോലി സമയം. ഒമ്പത് മണിക്ക് ജോലി ആരംഭിക്കണമെങ്കിലും 15 മിനിറ്റ് ഇളവ് അനുവദിക്കും. 15 മിനിറ്റ് കഴിഞ്ഞും എത്താത്തവരുടെ കാഷ്വൽ ലീവിൽ നിന്നും പകുതി ദിവസത്തെ അവധി എടുക്കും. ആധാറുമായി ബന്ധിപ്പിച്ച ബയോമെട്രിക് സംവിധാനം വഴിയാണ് ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തേണ്ടത്. സർക്കാർ ഓഫിസുകളിൽ ജീവനക്കാർ സ്ഥിരമായി വൈകി വരുന്നതും നേരത്തെ പോകുന്നതും നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഇത്തരക്കാർക്കെതിരെ നടപടി വേണമെന്നും സർക്കുലറിൽ പറയുന്നു.
കോവിഡ് മഹാമാരി കാരണം പഞ്ചിങ് പോലെയുള്ള ബയോമെട്രിക് ഹാജര് സംവിധാനത്തിന്റെ ഉപയോഗം ഓഫിസുകളിൽ താല്ക്കാലികമായി നിര്ത്തി വെച്ചിരുന്നു. എന്നാൽ 2022 ൽ വീണ്ടും ബയോമെട്രിക് സംവിധാനം പുന:രാരംഭിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. അവധി എടുക്കുന്നത് സംബന്ധിച്ച് ജീവനക്കാർ മുൻകൂട്ടി അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. സർക്കുലർ ഉടൻ തന്നെ പ്രാബല്യത്തിൽ വരും.
നീറ്റ് ക്രമക്കേടിൽ കേന്ദ്രസർക്കാർ നടപടി; നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡിജിയെ മാറ്റി