പൊലീസിന്റെ മൂക്കിന്തുമ്പില് വില്പന,ആവശ്യമേറിയതോടെ മെഥനോള്;മദ്യദുരന്തത്തില് തേങ്ങി കരുണാപുരം

19-ാം തിയ്യതി വൈകുന്നേരം വാങ്ങിയ മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായവരിലേറെയും

dot image

ചെന്നൈ: കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില് നടുങ്ങി തമിഴ്നാട്. വ്യാജ മദ്യം കഴിച്ച് ഇതുവരെയും 49 പേരാണ് മരിച്ചത്. 101 പേര് സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളില് ചികിത്സയില് കഴിയുകയാണ്. അതില് തന്നെ 20 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

അഞ്ഞായിരത്തിലധികം പേര് താമസിക്കുന്ന കരുണാപുരം കോളനിയെയാണ് ദുരന്തം നടുക്കിയത്. വ്യാജ മദ്യ ദുരന്തത്തിന് കാരണമായ ചാരായ ഷാപ്പ് പ്രവര്ത്തിച്ചിരുന്ന കോളനിയില് 26 ലധികം കുടുംബങ്ങള് അനാഥരായി. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ ഗോവിന്ദരാജനും കണ്ണുകുട്ടിയും മൂന്ന് വര്ഷമായി പ്രദേശത്ത് മദ്യവില്പ്പന നടത്തിവരുന്നവരാണെന്നാണ് വിവരം. ഗോവിന്ദ രാജന്റെ ഭാര്യയും സഹോദരനും സഹായത്തിനുണ്ടാവും.

തുച്ഛമായ വിലയ്ക്ക് ലഭിക്കുമെന്നതിനാല് കരുണാപുരത്തിന് പുറമെ മധുര്, വീരച്ചോലപുരം ഉള്പ്പെടെയുള്ള അയല്ഗ്രാമങ്ങളില് നിന്നുള്ളവര്പോലും ഇവരില് നിന്നാണ് മദ്യംവാങ്ങിച്ചിരുന്നത്. തമിഴ്നാട് സര്ക്കാരിന്റെ ടാസ്മാക്കില് 150 രൂപ വിലയുള്ള മദ്യം ഇവരുടെ ഷാപ്പില് 40 രൂപയ്ക്കും 30 രൂപയ്ക്കുമെല്ലാം ലഭിക്കും.

കഴിഞ്ഞ ദിവസം കരുണാപുരത്ത് നടന്ന ഒരു അനുശോചന ചടങ്ങില് പങ്കെടുക്കാനെത്തിയവരില് പലരും കണ്ണുകുട്ടിയില് നിന്നും മദ്യം വാങ്ങിയിരുന്നു. പതിവില് കവിഞ്ഞ് മദ്യം വിറ്റുപോയതോടെയാണ് മെഥനോള് ചേര്ത്ത് വില്പ്പന ആരംഭിച്ചത്. ഈ മദ്യം കഴിച്ചവര് പിന്നീട് പലതോതിലുള്ള അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. വയറുവേദന, തലകറക്കം, കണ്ണെരിച്ചില് എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകള് അനുഭവപ്പെട്ടിരുന്നതായാണ് വിവരം. രാത്രിയില് തന്നെ ഇവരെ ആശുപത്രിയില് എത്തിച്ചുവെങ്കിലും പിന്നീട് ഓരോ ആളുകളും മരിച്ചുവീഴുകയായിരുന്നു. കൂടുതല് ആളുകളെ ഇത് ബാധിച്ചപ്പോഴാണ് വ്യാജ മദ്യം കഴിച്ചാണ് ഇത്തരത്തില് ദുരന്തം ഉണ്ടായതെന്ന് അധികൃതര്ക്കും ബന്ധുക്കള്ക്കും മനസിലായത്.

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം തമിഴ്നാട് സര്ക്കാര് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളാക്കുറിച്ചിയിലെ കോടതിയും പൊലീസ് സ്റ്റേഷനും മതില്പങ്കിടുന്നത് കരുണാപുരം കോളനിയുമായാണ്. പലകുറി അറിയിച്ചിട്ടും വ്യാജ മദ്യ വില്പ്പന ശാലയ്ക്ക് നേരെ നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്.

dot image
To advertise here,contact us
dot image