അഞ്ചുമാസം മുമ്പ് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അടൽ സേതുവിൽ വിള്ളല് വീഡിയോ; വിമര്ശിച്ച് കോണ്ഗ്രസ്

ഏകദേശം 7,840 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചത്

dot image

മുംബൈ: അഞ്ച് മാസംമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അടൽ സേതു എന്ന മുംബൈ-ട്രാൻസ് ഹാർബർ ലിങ്കിൽ(എം ടി എച്ച് എൽ) വിള്ളലുകൾ കണ്ടെത്തി. രണ്ടടി മുതൽ മൂന്നടി വരെ നീളമുള്ള വിള്ളലുകളാണ് പാലത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏകദേശം 7,840 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം, ഏറ്റവും നീളം കൂടിയ കടൽപ്പാലം എന്നീ റെക്കോഡുകൾ അടൽസേതു നേടിയിരുന്നു.മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.

അടൽ സേതുവിൽ കണ്ടെത്തിയ വിള്ളലുകൾ മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് നാനാ പടോലെ പരിശോധിച്ചു. സംസ്ഥാനത്ത് മുഴുവൻ അഴിമതിയാണെന്നും അഴിമതിയുടെ കൂടുതൽ ഉദാഹരണങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.അടൽ ബിഹാരി വാജ്പേയിയെ ഇന്ത്യയിലെ ജനങ്ങൾ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ പേരിൽ പോലും അഴിമതി നടത്താൻ ബിജെപിക്ക് മടിയില്ലെന്നും മഹാരാഷ്ട്ര അമിത് ഷായുടെയും നരേന്ദ്രമോദിയുടെയും എ ടിഎം ആയി മാറിയിരിക്കുകയാണെന്നും പടോലെ ആരോപിച്ചു. അതിനാലാണ് അവർ ഇരുവരും മഹാരാഷ്ട്രയെ പുകഴ്ത്തിപ്പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

എന്നാൽ പാലത്തിൽ വിള്ളലുണ്ടെന്ന പ്രചാരണം കിവദന്തി മാത്രമാണെന്നാണ് മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെൻ്റ് അതോറിറ്റി(എം എം ആർ ഡി എ) നൽകുന്ന വിശദീകരണം. വിള്ളലുകൾ പാലത്തിലല്ലെന്നും മുംബൈയിലേക്കുള്ള അപ്രോച്ച് റോഡിലാണെന്നുമാണ് അധികൃതർ പറയുന്നത്.

dot image
To advertise here,contact us
dot image