
ചെന്നൈ: നടപ്പാതയിൽ ഉറങ്ങിക്കിടന്ന ആളുടെ ദേഹത്ത് ബിഎംഡബ്ല്യു കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തിയ കേസിൽ രാജ്യസഭാ എംപിയുടെ മകൾക്ക് ജാമ്യം. വൈഎസ്ആർ കോൺഗ്രസ് രാജ്യസഭാ എംപി ബീദ മസ്താൻ റാവുവിൻ്റെ മകൾ മാധുരിക്കാണ് ജാമ്യം കിട്ടിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ചെന്നൈ ബസന്ത് നഗറിലെ നടപ്പാതയ്ക്ക് സമീപം റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന ഊരൂർകുപ്പം സ്വദേശി സൂര്യ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സൂര്യ കിടക്കുന്നത് ശ്രദ്ധിക്കാതെ മാധുരിയും സുഹൃത്തുക്കളും സഞ്ചരിച്ച ബിഎംഡബ്ല്യു കാർ സൂര്യയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.
സൂര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ ആളുകൾ തടിച്ച് കൂടിയതോടെ കാറിലുണ്ടായിരുന്ന ചിലർ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. ഇതിനിടെ മാധുരിയുടെ സുഹൃത്തുക്കളിൽ ഒരാൾ നാട്ടുകാരുമായി തർക്കിച്ചു. പിന്നാലെ കാറുമെടുത്ത് സംഘം യാത്ര തുടർന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
എട്ട് മാസം മുമ്പാണ് സൂര്യയുടെ വിവാഹം കഴിഞ്ഞത്. കേസിൽ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ ജെ-5 ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാർ ബീദ മസ്താൻ റാവു ഗ്രൂപ്പിൻ്റേതാണെന്നും പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതാണെന്നും കണ്ടെത്തി. മാധുരിയെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം ലഭിക്കുകയായിരുന്നു. സമുദ്രോത്പന്ന വ്യവസായത്തിലെ അറിയപ്പെടുന്ന പേരാണ് ബിഎംആർ ഗ്രൂപ്പ്.