
ജാംനഗർ (ഗുജറാത്ത്): ഗുജറാത്തിലെ ജാംനഗറിൽ ഉരുളക്കിഴങ്ങ് ചിപ്സിന്റെ പാക്കറ്റിൽ ചത്തതവള. ഓൺലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമിൽ വിരൽ കണ്ടെത്തിയതിന് പിന്നാലെയാണ് ചിപ്സ് പാക്കറ്റിൽ ചത്തതവളയെ കണ്ടെത്തിയതായി പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച ജാംനഗർ മുൻസിപ്പൽ കോർപ്പറേഷൻ സാംപിൾ ശേഖരിച്ചു. ബാലാജി വേഫേഴ്സ് എന്ന കമ്പനിയുടെ ഉരുളക്കിഴങ്ങ് ചിപ്സിലാണ് ചത്ത തവളയെ കണ്ടെത്തിയത്.
ചിപ്സിൽ നിന്ന് ചത്ത തവളയെ കിട്ടിയെന്ന് ജാസ്മിൻ പട്ടേൽ എന്നയാളാണ് പരാതി നൽകിയത്. ഈ ചിപ്സ് വാങ്ങിയ കടയിൽ പോകുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ചിപ്സിൽ നിന്ന് കണ്ടെത്തിയത് അഴുകിയ തവളയാണെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥൻ ഡി ബി പാർമർ മാധ്യമങ്ങളെ അറിയിച്ചു. ഈ ചിപ്സ് തയ്യാറാക്കിയ അതേ ബാച്ചിലുള്ള പാക്കറ്റുകൾ ശേഖരിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചിപ്സ് പക്കറ്റിലെ പകുതിയോളം തന്റെ വീട്ടിലുള്ള ചെറിയ കുട്ടികൾ കഴിച്ചുവെന്നും അതിന് ശേഷമാണ് തവളയെ കണ്ടതെന്നും ജാസ്മിൻ പട്ടേൽ പരാതിയിൽ പറയുന്നു. അപ്പോൾ തന്നെ കുട്ടികൾ അത് വലിച്ചെറിഞ്ഞു. ചത്ത തവളയെ കണ്ട് താൻ ഞെട്ടിപ്പോയെന്നും ജാസ്മിൻ പട്ടേൽ പറഞ്ഞു. ബാലാജി വേഫേഴ്സിന്റെ കസ്റ്റമർ കെയറിൽ സർവ്വീസിൽ അറിയിച്ചപ്പോൾ സംതൃപ്തമായ മറുപടി ലഭിച്ചില്ല. തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കുകയായിരുന്നുവെന്നും പരാതി നൽകിയ ജാസ്മിൻ പട്ടേൽ വ്യക്തമാക്കി.
ഓണ്ലൈനായി ഓര്ഡര് ചെയ്ത കോണ് ഐസ്ക്രീമില് നിന്ന് മനുഷ്യന്റെ വിരലിന്റെ കഷ്ണം കിട്ടിയെന്ന പരാതി ഞെട്ടലോടെയാണ് രാജ്യം കഴിഞ്ഞ ദിവസം കേട്ടത്. ഡെലിവറി ആപ്പിലൂടെ മൂന്ന് ബട്ടര്സ്കോച്ച് കോണ് ഐസ്ക്രീമുകളായിരുന്നു ഓർഡർ ചെയ്തത്. കഴിച്ചുകൊണ്ടിരുന്ന സമയത്താണ് ശക്തിയായി എന്തോ നാവില് തട്ടിയത്. അത് പുറത്തെടുത്തു നോക്കിയപ്പോൽ കണ്ടത് മനുഷ്യന്റെ രണ്ട് സെന്റീമീറ്ററോളം നീളമുള്ള വിരലിന്റെ കഷ്ണമായിരുന്നു. ഉടന് തന്ന വിവരം പൊലീസില് അറിയിക്കുകയായിരുന്നു.
'ഐസ്ക്രീമിലെ വിരല് ഫാക്ടറി ജീവനക്കാരന്റേത്': ഡിഎന്എ പരിശോധന നടത്തും, വഴിത്തിരിവ്