അടിപതറിയ ഇടങ്ങളില് 'പണി' തുടങ്ങാന് ബിജെപി; നാല് സംസ്ഥാനങ്ങളില് കേന്ദ്രമന്ത്രിമാര്ക്ക് ചുമതല

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ച്ചക്കിപ്പുറമാണ് തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കാന് ബിജെപി തീരുമാനിച്ചത്.

അടിപതറിയ ഇടങ്ങളില്  'പണി' തുടങ്ങാന് ബിജെപി; നാല് സംസ്ഥാനങ്ങളില് കേന്ദ്രമന്ത്രിമാര്ക്ക് ചുമതല
dot image

ന്യൂഡല്ഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് ബിജെപി. പാര്ലമെന്റ് തിരഞ്ഞെടുപ്പില് അടിപതറിയ സംസ്ഥാനങ്ങളില് നേരത്തെ 'പണി' തുടങ്ങാനാണ് തീരുമാനം. ഈ വര്ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജാര്ഖണ്ഡ്, ജമ്മുകശ്മീര് സംസ്ഥാനങ്ങളില് കേന്ദ്ര മന്ത്രിമാര്ക്ക് ബിജെപി ചുമതല നല്കി. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ച്ചക്കിപ്പുറമാണ് തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കാന് ബിജെപി തീരുമാനിച്ചത്.

മഹാരാഷ്ട്രയില് രണ്ട് കേന്ദ്രമന്ത്രിമാരെയാണ് പാര്ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. മന്ത്രി ഭൂപേന്ദര് യാദവിനും അശ്വിനി വൈഷ്ണവിനുമാണ് സംസ്ഥാനത്തിന്റെ ചുമതല. ലോക്സഭയിലേതിന് സമാനമായി, നിയമസഭയിലേക്കും ഒന്നിച്ച് മത്സരിക്കാനാണ് പ്രതിപക്ഷസഖ്യമായ മഹാവിഘാസ് അഘാഡിയുടെ തീരുമാനം. ശിവസേന-കോണ്ഗ്രസ്-എന്സിപി നേതാക്കള് സംയുക്തമായി വിളിച്ചുചേര്ത്ത വാര്ത്താസമ്മേളനത്തില് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങള്ക്കിടയില് വല്ല്യേട്ടന് ഇല്ലെന്നും സാഹചര്യം പരിശോധിച്ച് ഓരോ സീറ്റിലും സ്ഥാനാര്ത്ഥിയെ പ്രഖ്യാപിക്കുമെന്നുമാണ് എംവിഎ സഖ്യം അറിയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില് മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തില് കൂടിയാണ് സഖ്യം. എന്സിപി പിളര്ത്തി അജിത് പവാര് പക്ഷം മറുപക്ഷത്ത് ചേക്കേറിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയാണിത്.

ജാര്ഖണ്ഡ് മുക്തിമോര്ച്ച ഭരിക്കുന്ന ജാര്ഖണ്ഡിലും ഭരണം പിടിക്കാനുള്ള നീക്കം ബിജെപി ശക്തമാക്കും. കള്ളപ്പണം വെളുപ്പിക്കല് ആരോപിച്ച് എന്ഫോഴ്സ്മെന്റ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ചമ്പായി സോറനാണ് മുഖ്യമന്ത്രി. ഇവിടെ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുന് മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനാണ് ചുമതല നല്കിയിരിക്കുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്മ ചൗഹാനെ സഹായിക്കാനെത്തും.

മധ്യപ്രദേശില് തുടര്ഭരണത്തിന് നിലമൊരുങ്ങിയ മധ്യപ്രദേശില് തിരഞ്ഞെടുപ്പ് ചുമതല ഭൂപേന്ദര് യാദവിനും അശ്വിനി വൈഷ്ണവിനുമായിരുന്നു. ഈ ക്രെഡിറ്റ് പരിശോധിച്ച് കൂടിയാവണം ഇരുവരെയും പ്രധാനപ്പെട്ട രണ്ട് സംസ്ഥാനങ്ങളില് നിയോഗിക്കാന് ബിജെപി തീരുമാനിച്ചത്. കേന്ദ്രമന്ത്രി ജി കിഷന് റെഡ്ഡിക്കാണ് ജമ്മു കശ്മീരിന്റെ ചുമതല. 2014 ന് ശേഷവും 2019 ല് പ്രത്യേക പദവി നല്കുന്ന ആര്ട്ടിക്കിള് 370 റദ്ദാക്കിയ ശേഷവുമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്.

ബിജെപി പ്രതിസന്ധി നേരിടുന്ന ഹരിയാനയില് കേന്ദ്രമന്ത്രി ധര്മേന്ദ്ര പ്രധാനാണ് ചുമതല. അദ്ദേഹത്തിനൊപ്പം ത്രിപുര മുന് മുഖ്യമന്ത്രി ബിപ്ലബ് കുമാര് ദേബിനെയും നിയോഗിച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില് ആകെയുള്ള 10 സീറ്റിലും വിജയിച്ച ബിജെപി ഇത്തവണ നേര് പകുതി സീറ്റിലേക്ക് ചുരുങ്ങിയിരുന്നു. ഇതിനെ മറികടക്കുക കൂടിയാണ് ബിജെപിക്ക് മുന്നിലുള്ള ലക്ഷ്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us