
ഭോപ്പാല്: കഴിഞ്ഞ വര്ഷം അവസാനം നടന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസിന് ദയനീയ പരാജയമാണ് ഉണ്ടായത്. അതിന് പിന്നാലെ വന്ന 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിലും കോണ്ഗ്രസ് സംസ്ഥാനത്ത് വലിയ പരാജയമാണ് നേരിട്ടത്. സാധാരണഗതിയില് ഈ രണ്ട് പരാജയങ്ങള് സംസ്ഥാന നേതൃത്വത്തിന്റെ വലിയ തോതില് തളര്ത്തുകയാണ് പതിവ്. എന്നാല് മധ്യപ്രദേശിലെ കോണ്ഗ്രസ് മുന്നോട്ടുപോവാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഭോപ്പാലിലെ ആസ്ഥാന മന്ദിരം പുതുക്കി പണിയുകയാണ്. വളരെ വേഗത്തിലാണ് പുതുക്കി പണിയല് പ്രക്രിയ നടക്കുന്നത്. തോല്വിയെ ഏറ്റെടുക്കാതെ പുതിയ വരവിന് തയ്യാറെടുക്കുന്നുവെന്ന തോന്നലാണ് നിര്മ്മാണ പ്രക്രിയകള് ഓര്മ്മിപ്പിക്കുന്നത്.
സംസ്ഥാന കോണ്ഗ്രസ് അദ്ധ്യക്ഷന് ജിതു പട്വാരിയുടെ നേതൃത്വത്തില് നേതാക്കളുടെ സീറ്റ് സൗകര്യങ്ങള് വര്ധിപ്പിക്കുക, ഓഫീസിന് പെയിന്റടിക്കുക, പുതിയ ഇലക്ട്രോണിക് ബോര്ഡുകള് സ്ഥാപിക്കുക, പുതിയ വിനൈല് ബാനറുകള് സ്ഥാപിക്കുക എന്നീ പ്രവര്ത്തനങ്ങള് അതിവേഗം നടത്തിവരികയാണ്.
ആസ്ഥാന മന്ദിരത്തില് നേരത്തെയുണ്ടായിരുന്ന ഓഫീസ് സംവിധാനങ്ങളെല്ലാം പൊളിച്ചു കളഞ്ഞ് പുതിയ ഓഫീസുകള് ഒരുക്കുകയാണ്. പ്രതിപക്ഷ നേതാവ് ഉമംഗ് സിങാറിന് വിശാലമായ ഓഫീസാണ് ഒരുക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിലാണ് എല്ലാ ബഹുജന സംഘടനകളുടെയും ഓഫീസുകള്.
മന്ദിരത്തിന് മുകളില് പുതിയ ഇലക്ട്രോണിക് ബോര്ഡിനോടൊപ്പം പാര്ട്ടി പതാകയോടൊപ്പം അഞ്ച് പതാകളും സ്ഥാപിക്കും. പാര്ട്ടിയുടെ കരുത്തായ സേവാ ദള്, എന്എസ്യു, യൂത്ത് കോണ്ഗ്രസ്, മഹിളാ മോര്ച്ച, പ്രൊഫഷണല് കോണ്ഗ്രസ് എന്നിവയുടെ പതാകകളാണ് പാര്ട്ടി പതാകയോടൊപ്പം ഉണ്ടാവുക.
ഫസ്റ്റ് ഫ്ളോറില് പുതിയ സോഫകളുള്ള വലിയ ഹാളുണ്ടാവും. ചുമരില് പാര്ട്ട ചിഹ്നം, മുന് അദ്ധ്യക്ഷന്മാരുടെയും ദേശീയ നേതാക്കളുടെയും ചിത്രവും സുവനീറുകളും ഉണ്ടാവും. തേര്ഡ് ഫ്ളോറിലാണ് സംസ്ഥാന അദ്ധ്യക്ഷന്റെ ഓഫീസ്. മുന്പില് ഗാര്ഡനുണ്ടാവും. അദ്ധ്യക്ഷന്റെ ഓഫീസിലേക്ക് താഴെ നിന്നും നേരിട്ട് ലിഫ്റ്റുണ്ടാവും.
വിശാലമായ ഒരു ഡാറ്റ സെന്റര് പുതുതായി സ്ഥാപിക്കും. സംസ്ഥാനത്തെ പാര്ട്ടി പ്രവര്ത്തകരുടെയും കുടുംബത്തിന്റെയും വിവരങ്ങള് ഈ ഡാറ്റ സെന്ററിലുണ്ടാവും. ഫേസ്ബുക്ക്, ഇന്സ്റ്റഗ്രാം, എക്സ് എന്നീ സോഷ്യല് മീഡിയകള്ക്ക് വേണ്ടി പ്രത്യേകം ടീമുകള് ഉണ്ടാവും.