
ഇംഫാല്: മണിപ്പൂര് ഇംഫാലിലെ സുരക്ഷ മേഖലയിലുണ്ടായ വന് തീപിടിത്തിന്റെ കാരണം തേടിയുള്ള അന്വേഷണം ഊര്ജ്ജിതമാക്കി പൊലീസ്. സംസ്ഥാന സെക്രട്ടറിയേറ്റിന് സമീപമുള്ള കെട്ടിടങ്ങളിലാണ് ഇന്നലെ വൈകീട്ടോടെ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ലാംബുലൈനിലെ ഉപേക്ഷിക്കപ്പെട്ട വീടുകളാണ് കത്തിയതെന്നാണ് പ്രാഥമിക വിവരം.
മുഖ്യമന്ത്രിയുടെ വസതി, പൊലീസ് ആസ്ഥാനം തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് ഇതിന് സമീപമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണിപ്പൂരില് സംഘര്ഷം തുടരുമ്പോഴാണ് ഇംഫാലില് തീപിടിത്തം ഉണ്ടായിരിക്കുന്നത്. അതിനാല് സംഭവത്തില് പൊലീസ് ഗൗരവ അന്വേഷണത്തിന് ഒരുങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രി എന് ബീരേന് സിങ്ങിന്റെ നൂറു മീറ്റര് ദൂരത്തിലുള്ള കെട്ടിട സമുച്ചയത്തിനാണ് തീപിടിച്ചത്.
തുടര്ന്ന് നാല് ഫയര്ഫോഴ്സ് യൂനിറ്റ് എത്തിയാണ് ഉടന് തീ അണച്ചത്. അഗ്നി ബാധക്കുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആള് താമസമില്ലാത്ത വീടിനാണ് തീപിടിച്ചതെന്നും ഒന്നാം നില പൂര്ണ്ണമായും കത്തിനശിച്ചുവെന്നും പൊലീസ് അറിയിച്ചു. ഉടന് തീ അണച്ചതിനാല് വന് ദുരന്തം ഒഴിവായി. സംഭവത്തില് കേസ് എടുത്തിട്ടുണ്ടെന്നും ഷോര്ട്ട് സര്ക്യൂട്ട് അടക്കമുള്ള സാധ്യതകളും പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.