മോദിയുടെ എട്ട് സന്ദര്ശനത്തെ രാഹുല് ആ മധുരപ്പൊതിയാല് തകര്ത്തു, മറക്കില്ല ആ സ്നേഹം; സ്റ്റാലിന്

ചന്ദ്ര ബാബു നായിഡുവും നിതീഷ് കുമാറും ഉള്ളതുകൊണ്ടാണ് മോദി പ്രധാനമന്ത്രിയായിരിക്കുന്നത്. അവര് പിന്തുണച്ചില്ലെങ്കില് എവിടെയാണ് മോദിയെന്നും സ്റ്റാലിന് ചോദിച്ചു.

dot image

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ രാഹുല് ഗാന്ധിയെ 'ചേര്ത്തുപിടിച്ച്' തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. രാഹുല് ഗാന്ധിയുടെ സ്നേഹം തനിക്ക് ഒരിക്കലും മറക്കാന് കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എട്ട് സന്ദര്ശനത്തെ തകര്ക്കാന് രാഹുലിന്റെ മധുരപ്പൊതിക്ക് കഴിഞ്ഞെന്നും സ്റ്റാലിന് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില് തമിഴ്നാട്ടിലേക്ക് വരുമ്പോള് എം കെ സ്റ്റാലിനായി രാഹുല് മധുരപലഹാരങ്ങളുടെ പൊതി കൊണ്ടുവന്നിരുന്നു. തമിഴ്നാട്ടിലെ തന്നെ ബേക്കറിയില് നിന്നുതന്നെ വാങ്ങിയ മധുരം രാഹുല് നേരിട്ടായിരുന്നു സ്റ്റാലിന് നല്കിയത്.

'2004 ല് വാജ്പേയി സര്ക്കാര് രൂപീകരിക്കുമെന്നായിരുന്നു എക്സിറ്റ് പോള് പ്രവചനങ്ങള്. അതിനെ മറികടന്ന് കോണ്ഗ്രസ് അധികാരത്തിലെത്തി. സമാനമായ രീതിയില് ഇത്തവണ ബിജെപി 400 സീറ്റില് വിജയിക്കുമെന്നാണ് നിരവധി പേര് പറഞ്ഞത്. എന്നാല് ബിജെപിയെ നമ്മള് ഭൂരിപക്ഷം കടത്തിയില്ല' എന്നും സ്റ്റാലിന് പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തില് സഖ്യത്തിലെ മറ്റ് നേതാക്കളെ കൂടി വിളിച്ച് അഭിനന്ദിക്കുന്ന ചടങ്ങിലായിരുന്നു സ്റ്റാലിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് വിജയത്തില് സ്റ്റാലിന് മാത്രമല്ല മറിച്ച് ഈ വേദിയില് ഇരിക്കുന്ന എല്ലാവരും അഭിനന്ദനം അര്ഹിക്കുന്നുണ്ടെന്നും സ്റ്റാലിന് പ്രശംസിച്ചു.

ഡിഎംകെ സര്ക്കാരിന്റെ വിജയം കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. എന്നാല് ഇക്കാര്യം ആരും പരാമര്ശിക്കില്ലെന്നും സ്റ്റാലിന് പറഞ്ഞു. നമ്മള് സഖ്യകക്ഷികള്ക്കിടയിലുള്ളത് കേവലം രാഷ്ട്രീയ ബന്ധം മാത്രമല്ല, പ്രത്യയശാസ്ത്രപരമായ അടുപ്പമാണെന്നും സ്റ്റാലിന് പറഞ്ഞു.

കേന്ദ്രത്തിലെ ബിജെപിയുടെ വിജയത്തെ മോദിയുടെ വിജയമല്ല, പരാജയമാണെന്നാണ് സ്റ്റാലിന് വിശേഷിപ്പിച്ചത്. ചന്ദ്ര ബാബു നായിഡുവും നിതീഷ് കുമാറും ഉള്ളതുകൊണ്ടാണ് മോദി പ്രധാനമന്ത്രിയായിരിക്കുന്നത്. അവര് പിന്തുണച്ചില്ലെങ്കില് എവിടെയാണ് മോദിയെന്നും സ്റ്റാലിന് ചോദിച്ചു. ഭൂരിപക്ഷമില്ലാത്തതിനാല് ബിജെപിക്ക് അവര് വിചാരിക്കുന്ന കാര്യങ്ങളൊന്നും നടക്കില്ലെന്നും സ്റ്റാലിന് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image