
ഡെറാഡൂണ്: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില് ടെമ്പോ ട്രാവലര് നദിയിലേക്ക് മറിഞ്ഞ് 10 മരണം. ഗുരുതരമായി പരുക്കേറ്റ 13 പേരെ ഋഷികേശ് എയിംസിലേക്ക് എയര്ലിഫ്റ്റ് ചെയ്തു. ഋഷികേശ് ബദരീനാഥ് ദേശീയ പാതയിലാണ് ടെമ്പോ ട്രാവലര് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ വാഹനം 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ചോപ്ത തുംഗനാഥ് യാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില് പെട്ടത്. നോയിഡ സ്വദേശികളായ 23 പേരായിരുന്നു വാഹനത്തിലെ യാത്രക്കാര്. അപകടത്തില് പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയും പ്രദേശവാസികളും ചേര്ന്നാണ് രക്ഷാപ്രവര്ത്തനം നടത്തിയത്. അപകടത്തില് ഉത്തരാഖണ്ഡ് സര്ക്കാര് അന്വേഷണം പ്രഖ്യാപിച്ചു.
അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില് മുഖ്യമന്ത്രി പുഷ്കര് സിംഗ് ധാമി നടുക്കം രേഖപ്പെടുത്തി. ജില്ലാ മജിസ്ട്രേറ്റിനോട് സംഭവം അന്വേഷിക്കാന് മുഖ്യമന്ത്രി നിര്ദേശിച്ചു. ദുഃഖം രേഖപ്പെടുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അപകടത്തില്പെട്ടവര്ക്ക് എല്ലാ സഹായവും ഉറപ്പ് നല്കി.