
ജമ്മു കശ്മീർ : ജമ്മു കശ്മീരിലെ റിയാസി മേഖലയിൽ ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 50 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ചയാണ് ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരുമായി ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ബസിനു നേരെ ഭീകരർ വെടിയുതിർത്തത്. വെടിവെപ്പിൽ ഒമ്പത് പേർ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകന സമ്മേളനം നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് 50 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 1995 നും 2005 നും ഇടയിൽ തീവ്രവാദ കേന്ദ്രങ്ങളായിരുന്ന അർനാസ്, മഹോർ എന്നി പ്രദേശങ്ങളിൽ ഭീകരരെ കണ്ടെത്തുന്നതിനായി പൊലീസ് തിരിച്ചിൽ നടത്തുകയാണ്.
ആക്രമണം നടത്താൻ സാധ്യതയുള്ളവരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും സഹായകമായ സുപ്രധാന സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം ഉറപ്പാക്കാൻ അർനാസ്, മഹോർ എന്നി പ്രദേശങ്ങളിൽ തിരച്ചിൽ വിപലികരിച്ചിട്ടുണ്ടെന്നും പൊലീസ് ദേശീയ മാധ്യമങ്ങളെ അറിയിച്ചു. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച അവലോകന യോഗം ചേർന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വീണ്ടും നിയമിതനായ അജിത് ഡോവലയും യോഗത്തിൽ പങ്കെടുത്തു. സായുധ സേനയുടെ മുഴുവൻ സ്പെക്ട്രവും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ദിവസങ്ങൾക്കുള്ളിൽ നാല് ഭീകരാക്രമണങ്ങളാണ് ജമ്മു കശ്മീരിൽ നടന്നത്. റിയാസിക്ക് പുറമെ കത്വ ജില്ലയിലും ദോഡ ജില്ലയിലും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ നടന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. കുറച്ചുകാലമായി ജമ്മുവാണ് ഭീകരരുടെ ലക്ഷ്യപ്പട്ടികയിൽ മുന്നിലുള്ളതെന്നും വിവരങ്ങൾ ലഭിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചേക്കാമെന്ന് സംശയിക്കുന്ന രണ്ട് ഭീകരരുടെ രേഖാചിത്രങ്ങളും റിയാസി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
'ആള് ഐസ് ഓണ് വൈഷ്ണോ ദേവി അറ്റാക്ക്'; റിയാസി ഭീകരാക്രമണത്തെ അപലപിച്ച് പാക് പേസര് ഹസന് അലി