
ലക്നൌ: നാൽപ്പത് വർഷത്തിന് ശേഷം ഉത്തർപ്രദേശിലെ അലഹാബാദ് ലോക്സഭാ സീറ്റ് തിരിച്ചുപിടിച്ച് കോൺഗ്രസ്. അലഹബാദ് മണ്ഡലത്തിൽ അവസാനമായി വിജയിച്ച് കോൺഗ്രസ് നേതാവ് നടൻ അമിതാഭ് ബച്ചനാണ്. പിന്നീട് ഒരിക്കൽ പോലും അലഹബാദിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് ജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. കോൺഗ്രസിന്റെ ഉജ്ജ്വൽ രാമൻ സിങ് ബിജെപിയുടെ നീരജ് ത്രിപാതിയെ പരാജയപ്പെടുത്തിയാണ് സീറ്റ് തിരിച്ചുപിടിച്ചത്. 58000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിങ്ങിന്റെ വിജയം. ഉത്തർപ്രദേശിൽ കോൺഗ്രസ് കൂടി ഭാഗമായ ഇന്ത്യ മുന്നണി 80 ൽ 43 സീറ്റ് നേടി വലിയ മുന്നേറ്റമാണ് കാഴ്ച വെച്ചത്.
സമാജ്വാദി പാർട്ടി നേതാവും മുൻ എംപിയുമായ രെവതി രാമൻ സിങ്ങിന്റെ മകനാണ് ഉജ്ജ്വൽ രാമന് സിങ്. 2004 മുതൽ 2007 വരെ ഉത്തർപ്രദേശിൽ മുലായം സിങ് യാദവ് സർക്കാരിൽ അംഗമായിരുന്നു ഉജ്ജ്വൽ രാമന് സിങ്. ഈ വർഷം ആദ്യമാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്. ഇൻഡ്യ മുന്നണിയിലെ സീറ്റ് വിഭജനത്തിന്റെ ഭാഗമായി അലഹബാദ് സീറ്റ് കോൺഗ്രസിന് ലഭിക്കുകയായിരുന്നു.
മുൻ പ്രധാനമന്ത്രിമാരായ ലാൽ ബഹദൂർ ശാസ്ത്രിയും വി പി സിങ്ങും പ്രതിനിധീകരിച്ച മണ്ഡലമാണ് അലഹബാദ്. ബിജെപിയുടെ പ്രമുഖ നേതാവ് മുരളി മനോഹർ ജോഷിയും അലഹബാദിൽ നിന്ന് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന 1984 ലെ തിരഞ്ഞെടുപ്പിലാണ് ബച്ചൻ അലഹബാദിൽ നിന്ന് മത്സരിച്ചത്. ബച്ചന്റെ സ്വന്തം തട്ടകം കൂടിയാണ് അലഹബാദ്. 68 ശതമാനം വോട്ടാണ് അന്ന് അദ്ദേഹത്തിന് ലഭിച്ചത്. യുപി മുഖ്യമന്ത്രിയായിരുന്ന ലോക്ദളിന്റെ എച്ച് എൻ ബഹുഗുണയെയായിരുന്നു ബച്ചൻ അന്ന് പരാജയപ്പെടുത്തിയത്.
1984 ലെ തിരഞ്ഞെടുപ്പിൽ 414 സീറ്റുകളാണ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സ്വന്തമാക്കിയത്. ബച്ചന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു രാജീവ് ഗാന്ധി. മൂന്ന് വർഷത്തിന് ശേഷം ബച്ചൻ എംപി സ്ഥാനം രാജിവെച്ചു. ഇതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ വി പി സിങ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. മുൻ കോൺഗ്രസ് നേതാവായ റിത ബഹുഗുണ ജോഷിയാണ് 2019 ൽ ബിജെപി ടിക്കറ്റിൽ അലഹബാദിൽ നിന്ന് മത്സരിച്ച് ലോക്സഭയിലെത്തിയത്. ഇത്തവണ റിത ബഹുഗുണയെ മാറ്റി ബിജെപി നീരജ് ത്രിപതിയെ മത്സരിപ്പിക്കുകയായിരുന്നു.