
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില് പഴയ രീതിയില് പോകാനാണ് എന്ഡിഎ സര്ക്കാര് ശ്രമിക്കുന്നതെങ്കില് വലിയ ബുദ്ധിമുട്ടാകുമെന്ന് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല്. പഴയരീതി തന്നെയാണെങ്കില് ഈ സര്ക്കാരിന് സുഗമമായി മുന്നോട്ട് പോകാനാകില്ല. ആ മുന്തൂക്കം അവര്ക്കില്ല. ജനങ്ങള് നല്കിയിട്ടില്ലെന്നും കെ സി വേണുഗോപാല് ഡല്ഹിയില് പറഞ്ഞു.
'മുന്നണിയില്പ്പെട്ട പലര്ക്കും ക്ഷണം കിട്ടിയിട്ടില്ല. പഴയശൈലിയില് പോകാനാണ് ശ്രമിക്കുന്നതെങ്കില് വലിയ ബുദ്ധിമുട്ടാകും. ആ മുന്തൂക്കം അവര്ക്കില്ല. ജനങ്ങള് നല്കിയിട്ടില്ല. ഏറ്റവും ധിക്കാരപരമായി എല്ലാവരെയും ബുള്ഡോസ് ചെയ്ത് വീണ്ടും പോകാമെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്...ഒരു ഡെപ്യൂട്ടി സ്പീക്കര് ഇല്ലാത്ത സഭയായിരുന്നു കഴിഞ്ഞ അഞ്ച് വര്ഷം. ഇന്ത്യയുടെ ചരിത്രത്തില് ആദ്യമാണത്. കോണ്ഗ്രസിന് തരാതിരിക്കാന് വേണ്ടി കഴിഞ്ഞ പത്ത് വര്ഷമായി ഡെപ്യൂട്ടി സ്പീക്കര് ഇല്ല. അതൊക്കെ പ്രതിപക്ഷത്തിന്റെ അവകാശമാണ്', കെ സി വേണുഗോപാല് പറഞ്ഞു. എന്ഡിഎ സര്ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില് പങ്കെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ഇന്ഡ്യ സഖ്യത്തിലെ നേതാക്കളില് ഓരോരുത്തരുമായി സംസാരിച്ചുവരുന്നേയുള്ളൂവെന്നും കെ സി വേണുഗാപാല് പ്രതികരിച്ചു.
രാഹുല് ഗാന്ധി റായ്ബറേലിയാണോ വയനാടാണോ നിലനിര്ത്തുകയെന്ന ചോദ്യത്തോട് 'രാഹുല് ഗാന്ധിക്ക് രണ്ട് മണ്ഡലങ്ങളും പ്രധാനപ്പെട്ടതാണ്. വയനാടിനോട് പ്രത്യേക വൈകാരിക അടുപ്പം കഴിഞ്ഞ അഞ്ച് വര്ഷമായി രൂപപ്പെടുത്തിയിട്ടുണ്ട്. റായ്ബറേലി കുടുംബത്തെയും പാര്ട്ടിയെയും സംബന്ധിച്ച് പ്രധാനമാണ്. തീരുമാനം സംബന്ധിച്ച് അദ്ദേഹം ഒരു സൂചനയും തന്നിട്ടില്ല. വിഷയത്തില് പൂര്ണ്ണമായും രാഹുല് ഗാന്ധിയാണ് തീരുമാനമെടുക്കുക', എന്നായിരുന്നു കെ സി വേണുഗോപാലിന്റെ മറുപടി.