
ന്യൂഡല്ഹി: മൂന്നാം എന്ഡിഎ സര്ക്കാര് സത്യപ്രതിജ്ഞാ ചടങ്ങില് പങ്കെടുക്കാന് കോണ്ഗ്രസ് തീരുമാനം. മല്ലികാര്ജുന് ഖര്ഗെ പങ്കെടുക്കുമെന്നാണ് വിവരം. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോണ്ഗ്രസിന് ക്ഷണം ലഭിച്ചതിന് പിന്നാലെയാണ് പങ്കെടുക്കാന് തീരുമാനമായത്. സത്യപ്രതിജ്ഞാ ചടങ്ങില് പങ്കെടുക്കുന്നത് സംബന്ധിച്ച് ഇന്ഡ്യ മുന്നണി നേതാക്കള് തീരുമാനം എടുത്തിട്ടില്ല. പങ്കെടുക്കണമോ എന്ന് കൂടിയാലോചിച്ച് തീരുമാനിക്കും.
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ജെപി നദ്ദ അമിത് ഷായുമായി കൂട്ടിക്കാഴ്ച നടത്തി. അമിത് ഷായുടെ വസതിയിലായിരുന്നു അവസാന വട്ട ചര്ച്ചകള്. പ്രതിപക്ഷം ചടങ്ങില് നിന്ന് വിട്ടുനില്ക്കുമെന്നായിരുന്നു ഇതുവരെയുള്ള സൂചനകള്.
രാഷ്ട്രപതി ഭവനില് വൈകിട്ട് നടക്കുന്ന ചടങ്ങില് രാഷ്ട്രപതി ദ്രൗപതി മുര്മു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സഹമന്ത്രിമാര്ക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നതോടെ മൂന്നാം എന്ഡിഎ സര്ക്കാര് അധികാരമേല്ക്കും. ഏഴ് അയല് രാജ്യങ്ങളിലെ ഭരണാധികാരികള് ചടങ്ങിന് സാക്ഷിയാകും.
വൈകിട്ട് 7.15ന് പ്രൗഢഗംഭീരമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ. 2014ലും 2019ലും ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമുള്ള സര്ക്കാരുകളെയാണ് നരേന്ദ്ര മോദി നയിച്ചത് എങ്കില് ഘടകകക്ഷികള് കൂടി കടിഞ്ഞാണ് കൈവശപ്പെടുത്തിയ മന്ത്രിസഭയെയാണ് മോദി ഇനി നയിക്കുക. മന്ത്രിസഭയിലെ മുഴുവന് അംഗങ്ങളും ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമോ എന്ന് സ്ഥിരീകരണം ആയിട്ടില്ല.