
ന്യൂഡൽഹി: കങ്കണയെ തല്ലിയതിന് സസ്പെന്ഷനിലായ കുല്വീന്ദര് കൗറിന് ജോലി വാഗ്ദാനം ചെയ്ത് ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ വിശാല് ദദ്ലാനി. ഇന്സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിശാല് ഇക്കാര്യം പങ്കുവച്ചത്. കുല്വീന്ദര് കൗറിന് എതിരെ എന്തെങ്കിലും നടപടി ഉണ്ടായാല് താന് ജോലി നല്കുമെന്ന് വിശാല് കുറിച്ചു. 'ഞാന് ഒരിക്കലും അക്രമത്തെ പിന്തുണയ്ക്കുന്നില്ല, എന്നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ രോഷത്തിന്റെ കാരണം മനസ്സിലാക്കുന്നു. അവര്ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുകയാണെങ്കില്, ഒരു ജോലി നല്കുമെന്ന് ഞാന് ഉറപ്പാക്കുന്നു. ജയ് ഹിന്ദ്. ജയ് ജവാന്. ജയ് കിസാന്.' അദ്ദേഹം കുറിച്ചു.
കങ്കണയെ മര്ദ്ദിച്ചതിന് പിന്നാലെ കുല്വീന്ദര് കൗറിനെതിരെ കേസെടുക്കുകയും സസ്പെന്ഡ് ചെയ്യുകയും ചെയ്തിരുന്നു. ഡല്ഹിയിലേക്ക് പോകവെ ചണ്ഡീഗഢ് വിമാനത്താവളത്തില് വെച്ചായിരുന്നു കങ്കണയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സെക്യൂരിറ്റി ചെക്കിങ്ങിനിടെയാണ് തനിക്ക് മര്ദ്ദനമേറ്റതെന്നും, തന്നെ കാത്തുനിന്ന് മര്ദ്ദിക്കുകയായിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് കങ്കണ പറഞ്ഞത്. പഞ്ചാബില് തീവ്രവാദം വര്ധിക്കുകയാണെന്നും കങ്കണ ആരോപിച്ചിരുന്നു.
എന്നാൽ കര്ഷക സമരം സംബന്ധിച്ച് കങ്കണ മുമ്പ് നടത്തിയ പരാമര്ശമാണ് തന്നെ ചൊടിപ്പിച്ചതെന്നും കര്ഷകരെ അധിക്ഷേപിച്ചതിനോടാണ് താന് പ്രതികരിച്ചതെന്നും കുല്വിന്ദര് കൗര് പ്രതികരിച്ചു. 'നൂറ് രൂപ കിട്ടാനാണ് കര്ഷകര് അവിടെ പോയിരിക്കുന്നതെന്നാണ് കങ്കണ പറഞ്ഞത്. അവര് പോയി അവിടെ ഇരിക്കുമോ? അവര് ഈ പ്രതികരണം നടത്തുമ്പോള് എന്റെ അമ്മയും കര്ഷകര്ക്കൊപ്പം സമരത്തിലായിരുന്നു', എന്നായിരുന്നു കുല്വീന്ദര് കൗറിന്റെ വിശദീകരണം. താന് ആക്രമിക്കപ്പെട്ട സംഭവത്തിൽ എന്തുകൊണ്ടാണ് സിനിമാപ്രവര്ത്തകര് പ്രതികരിക്കാതിരിക്കുന്നതെന്നും കങ്കണ ചോദിച്ചിരുന്നു. ഇന്സ്റ്റാഗ്രാമില് പങ്കുവച്ച സ്റ്റോറിയിലായിരുന്നു കങ്കണയുടെ പ്രതികരണം. കുറച്ചുസമയത്തിന് ശേഷം നടി അത് നീക്കംചെയ്തു.