രാഷ്ട്രപതി ക്ഷണിച്ചു; ഞായറാഴ്ച മൂന്നാം മോദി സര്ക്കാരിന്റെ സത്യപ്രതിജ്ഞ

സര്ക്കാര് രൂപവത്കരിക്കാന് നരേന്ദ്രമോദിയെ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്മു

dot image

ന്യൂഡല്ഹി: സര്ക്കാര് രൂപവത്കരിക്കാന് നരേന്ദ്രമോദിയെ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്മു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്ഡിഎയുടെ പാര്ലമെന്ററി പാര്ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തിരുന്നു. മോദി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്മുവിനെ കണ്ട് സര്ക്കാര് ഉണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് സര്ക്കാര് രൂപവത്കരണത്തിന് ക്ഷണിച്ചത്. ജൂൺ 9-ന് വൈകുന്നേരം 6 മണിക്ക് നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടിഡിപി അധ്യക്ഷന് ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷന് നിതീഷ് കുമാര്, ശിവസേന നേതാവ് ഏകനാഥ് ഷിന്ഡേ തുടങ്ങിയവരും മോദിക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. സഖ്യകക്ഷികളുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും മോദി രാഷ്ട്രപതിക്ക് കൈമാറി. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല് എന്ഡിഎയിലെ മറ്റു ഘടകകക്ഷികളുടെ പിന്തുണയോടെ മാത്രമേ ബിജെപിക്ക് സര്ക്കാര് രൂപീകരിക്കാനാകൂ. മോദിയെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തെ ചന്ദ്ര ബാബു നായിഡുവും നിതീഷ് കുമാറും പിന്തുണച്ചു.

ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിക്കാന് പോവുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന് ജെ പി നദ്ദ പ്രസംഗിച്ചു. രാജ്യത്തിന് ശരിയായ സമയത്ത് ശരിയായ നേതാവിനെ ലഭിച്ചെന്ന് മോദിയെ പരാമര്ശിച്ചുകൊണ്ട് ചന്ദ്ര ബാബു നായിഡു പറഞ്ഞു. തന്റെ പാര്ട്ടി എല്ലാക്കാലത്തും നരേന്ദ്രമോദിക്കൊപ്പം നിലകൊള്ളുമെന്ന് നിതീഷ് കുമാര് പ്രസംഗിച്ചു. നിതീഷുമായി ഇന്ഡ്യ സഖ്യത്തിലെ നേതാക്കള് ചര്ച്ച നടത്തുന്നുണ്ടെന്ന വാര്ത്തകളെ തള്ളുന്നതായിരുന്നു നിതീഷിന്റെ പ്രതികരണം.

dot image
To advertise here,contact us
dot image