ഇനിയും സീറ്റുകൾ നേടാമായിരുന്നു; ഇൻഡ്യ മുന്നണിയെ ചതിച്ചത് ഈ സംസ്ഥാനങ്ങൾ

ഇന്ഡ്യ മുന്നണി ഏറ്റവുമധികം പ്രതീക്ഷയോടെ കണ്ടിരുന്ന ബിഹാറിലും ഡല്ഹിയിലുമെല്ലാം സംഭവിച്ചത് അപ്രതീക്ഷിത തിരിച്ചടിയാണ്

ഇനിയും സീറ്റുകൾ നേടാമായിരുന്നു; ഇൻഡ്യ മുന്നണിയെ ചതിച്ചത് ഈ സംസ്ഥാനങ്ങൾ
dot image

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി 234 സീറ്റുകൾ നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബിജെപിയുടെ സേഫ് സോണായ ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ സഖ്യം അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ചപ്പോൾ മുന്നണിക്ക് പ്രതീക്ഷയുണ്ടായിരുന്ന ചില സംസ്ഥാനങ്ങളിൽ തകർന്നടിയുകയായിരുന്നു. പ്രചാരണത്തിനും ആലോചനകൾക്കും മറ്റുമായി ഏറ്റവും കൂടുതൽ സമയവും പരിശ്രമവും ചിലവഴിച്ച സംസ്ഥാനങ്ങളിലായിരുന്നു ഈ തോൽവി എന്നതും മുന്നണിയെ സംബന്ധിച്ച് പഠനവിധേയമാണ്.

'ഇൻഡ്യ'യെ ചതിച്ച് ബിഹാർ

ഇൻഡ്യ മുന്നണി എണ്ണയിട്ട യന്ത്രം കണക്കെ പ്രചാരണം നയിച്ച സംസ്ഥാനങ്ങളിലൊന്നായിരുന്നു ബിഹാർ. ആര്ജെഡി നേതൃത്വത്തിലുള്ള ഇന്ഡ്യ സഖ്യത്തില് ആര്ജെഡി 23, കോണ്ഗ്രസ് 9, സിപിഐഎംഎല് (ലിബറേഷന്) 3, വിഐപി 3, സിപിഐഎം 1, സിപിഐ 1 എന്നിങ്ങനെയായിരുന്നു സീറ്റ് വിഭജനം.

ഇൻഡ്യാ മുന്നണിയുടെ തെരഞ്ഞെടുപ്പ് ഭൂപടത്തിൽ പ്രഥമ സ്ഥാനങ്ങളിലൊന്ന് രാഷ്ട്രീയ സമവാക്യങ്ങൾ ഏത് നിമിഷവും മാറിമറിഞ്ഞേക്കാവുന്ന ബിഹാറിനായിരുന്നു. നിതീഷ് കുമാർ എൻഡിഎയിലേക്ക് പോയതോടെ ഐക്യത്തിന്റെ ശക്തി തെളിയിക്കാൻ കനത്ത പ്രചാരണമാണ് മഹാസഖ്യം സംസ്ഥാനത്തെങ്ങും സംഘടിപ്പിച്ചത്. അതിന് ചുക്കാൻ പിടിച്ചത് ആർജെഡി നേതാവ് തേജസ്വി യാദവ് നേരിട്ടായിരുന്നു. ജൻ വിശ്വാസ് യാത്രയുമായി സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമെത്തിയ തേജസ്വി അതിന് ശേഷവും നിരവധി തെരഞ്ഞെടുപ്പ് റാലികളെയാണ് അഭിസംബോധന ചെയ്തത്. രാഹുൽ ഗാന്ധിയും പലവട്ടം സംസ്ഥാനത്തെത്തി. എന്നാൽ വോട്ടെണ്ണൽ കഴിഞ്ഞപ്പോ ജയം എൻഡിഎയ്ക്ക്.

ബിഹാറിൽ 'മോദി ഫാക്ടർ' എൻഡിഎയെ തുണച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതിനപ്പുറം എത്ര പാർട്ടികൾ മാറിയാലും നിതീഷ് കുമാറിന്റെ അടിസ്ഥാന വോട്ട് ബാങ്കുകളായ പിന്നാക്ക വിഭാഗങ്ങളും ദളിതരും അദ്ദേഹത്തിന്റെ കൂടെ നിൽക്കും എന്നതിന്റെ തെളിവ് കൂടിയാണ് ഈ വിജയമെന്നും വിലയിരുത്തലുകളുണ്ട്.

കെജ്രിവാളിനും രക്ഷിക്കാനായില്ല

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും ജാമ്യവും ഉണ്ടാക്കിയെടുത്ത സഹതാപ തരംഗത്തിൽ രാജ്യതലസ്ഥാനത്ത് എളുപ്പം ജയിച്ചുകയറാമെന്നായിരുന്നു ഇൻഡ്യാ സഖ്യത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ സംസ്ഥാനം ഭരിക്കുന്നവരെ പാർലമെന്റിന്റെ പടിക്ക് പുറത്തുനിർത്തുന്ന ശീലം ദില്ലിയിലെ ജനങ്ങൾ വീണ്ടും ആവർത്തിച്ചു. രാഹുൽ ഗാന്ധിയും ഖാർഗെയും സോണിയാ ഗാന്ധിയുമടക്കമുള്ള പട തന്നെ കെജ്രിവാളിന് വേണ്ടി രംഗത്തിറങ്ങിയിട്ടും ദില്ലിയിൽ പച്ച പിടിക്കാൻ ഇൻഡ്യാ സഖ്യത്തിനായില്ല.

മോദി തരംഗം തന്നെയാണ് ദില്ലിയിലും ഉണ്ടായതെന്ന് നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. കെജ്രിവാളിന്റെ ജയിൽവാസം സഹതാപതരംഗത്തിന് വഴിവെച്ചില്ല. എന്നാൽ ബിജെപിക്ക് കെജ്രിവാളിനെ മാത്രമല്ല, മനീഷ് സിസോദിയയുടെ അറസ്റ്റിനെയും അതിലൂടെ ആം ആദ്മി പാർട്ടി അഴിമതി പാർട്ടിയാണെന്ന പ്രതിച്ഛായയും ജനങ്ങളിൽ ഉണ്ടാക്കാൻ സാധിച്ചു.

ഹൃദയഭൂമിയിൽ 'കൈ' ഇല്ല

സമാജ്വാദി പാർട്ടിയുമൊത്ത് കോൺഗ്രസ് കളം പിടിക്കാനിറങ്ങിയ മറ്റൊരു സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. ഇൻഡ്യ സഖ്യ ധാരണ പ്രകാരം 28 സീറ്റുകളിൽ കോൺഗ്രസും ഒരു സീറ്റിൽ സമാജ്വാദി പാർട്ടിയും മത്സരിച്ചു. ഉത്തർപ്രദേശും ബിഹാറുമെല്ലാം കഴിഞ്ഞാൽ കോൺഗ്രസ് ഒരു തിരിച്ചുവരവ് ലക്ഷ്യമിട്ട സംസ്ഥാനം കൂടിയായിരുന്നു മധ്യപ്രദേശ്.

എന്നാൽ കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെയും അനുരണനമാണ് മധ്യപ്രദേശിൽ ഇക്കൊല്ലവും നടന്നത്. ബിജെപി 29 മണ്ഡലങ്ങളും ഇത്തവണ തൂത്തുവാരി. ഹിന്ദി ഹൃദയഭൂമിയിലെ മധ്യപ്രദേശിൽ ഇൻഡ്യാ സഖ്യം തകർന്നുവീണു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയോടെത്തന്നെ കോൺഗ്രസിന്റെ ഊർജം പകുതി നഷ്ടപ്പെട്ടിരുന്നു. അതിന് പിന്നാലെ കമൽനാഥിനെ മാറ്റിയതടക്കമുള്ള പല നടപടികളും കോൺഗ്രസിന്റെ സംസ്ഥാനത്തിലെ സുഗമമായ പ്രവർത്തനത്തിന് ഭംഗം വരുത്തിയിരുന്നു. മാത്രമല്ല, കോൺഗ്രസിൽ നിന്ന് നിരവധി നേതാക്കൾ ബിജെപിയിലേക്ക് പോയതും, അത് തടയാൻ പാർട്ടിക്ക് കഴിയാതെ വന്നതും കാര്യങ്ങൾ കോൺഗ്രസിന് പ്രതികൂലമായി എന്നും വിലയിരുത്തപ്പെടുന്നു.

ഹിമാചൽ പ്രദേശിലും രക്ഷയില്ല

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായിട്ടും പാർലമെന്റിലേക്ക് പാർട്ടിക്ക് മേൽക്കൈ നേടാനായില്ല എന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ ഒപ്പം നടന്ന അസംബ്ലി ഉപതെരഞ്ഞെടുപ്പിൽ ആറിൽ നാല് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനായി എന്നതും കോൺഗ്രസിന് ആശ്വാസമാണ്.

2019ലെയും 2014ലെയും തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ഫോട്ടോ കോപ്പിയായിരുന്നു ഇത്തവണത്തെയും ഫലം. നാല് സീറ്റുകളിലും വിജയിച്ചത് ബിജെപി തന്നെ. കങ്കണ റണാവത്, അനുരാഗ് താക്കൂർ അടക്കമുള്ള, ജനപ്രീതിയേറിയ സ്ഥാനാർത്ഥികളെയാണ് ബിജെപി രംഗത്തിറക്കിയത്. ഇവർക്കൊപ്പം മോദി ഫാക്ടർ കൂടി ആയതോടെ കോൺഗ്രസിന് കാര്യങ്ങൾ കടുപ്പമാകുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us