

ന്യൂഡല്ഹി: മൂന്നാം തവണയും എന്ഡിഎ സഖ്യം ഇന്ത്യയില് അധികാരത്തിലേറിയിരിക്കുകയാണ്. എന്നാല്, ഭരണം കിട്ടിയില്ലെങ്കിലും കഴിഞ്ഞ തവണ നിരാശാജനകമായ പ്രകടം കാഴ്ച്ചവെച്ച പ്രതിപക്ഷ സഖ്യം ഇക്കുറി അപ്രതീക്ഷിത മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. ഭരണപക്ഷമായ ബിജെപി നയിക്കുന്ന എന്ഡിഎ മുന്നണി 291 സീറ്റാണ് നേടിയത്. കോണ്ഗ്രസ് നയിക്കുന്ന 'ഇന്ഡ്യ' പ്രതിപക്ഷ മുന്നണി 234 സീറ്റും നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവം ഇക്കുറി ബിജെപിയെ തുണച്ചില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. ഈ രീതിയില് ബിജെപിയുടേത് തിളക്കില്ലാത്ത വിജയമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഒരേ സ്വരത്തിലുള്ള വിലയിരുത്തല്. നേരിയ ഭൂരിപക്ഷ വ്യത്യാസമില്ലാതെ അധികാരത്തിലേറിയ സാഹചര്യത്തില് നരേന്ദ്ര മോദിക്ക് പഴയ പ്രതാപം ഈ ഭരണകലത്ത് ഉണ്ടാവില്ലെന്നും മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.
ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അപ്രതീക്ഷിത ഫലം അമ്പരപ്പിക്കുന്നതായിരുന്നുവന്നാണ് ആഗോള മാധ്യമ പ്രതികരണങ്ങള്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെ അപ്രതീക്ഷിത നിരാകരണം എന്നാണ് 'വാഷിംഗ്ടണ് പോസ്റ്റ്' തിരഞ്ഞെടുപ്പ് വിജയത്തെ മുദ്രകുത്തിയത്. ഇത് മോദിക്കും അദ്ദേഹത്തിന്റെ പാര്ട്ടിക്കും അതിശയകരമായ തിരിച്ചടിയെന്നും മാധ്യമം വിലയിരുത്തി. മോദിയുടെ അജയ്യതയുടെ പ്രഭാവലയത്തിലെ വിള്ളലെന്നും വര്ഷങ്ങള്ക്കുശേഷം ആദ്യമായി അദ്ദേഹം ദുര്ബലനായി പ്രത്യക്ഷപ്പെട്ടുവെന്നും 'വാഷിംഗ്ടണ് പോസ്റ്റ്' കുറിച്ചു.
ബിജെപിയുടെ വന്തകര്ച്ചയെന്നാണ് 'ദി ഗാര്ഡിയന്' പറഞ്ഞത്. തിരഞ്ഞെടുപ്പ് ഫലം മോദിക്കും അദ്ദേഹത്തിന്റെ 'ഹിന്ദു ദേശീയ രാഷ്ട്രീയത്തിനും' ഏറ്റ അപ്രതീക്ഷിത പ്രഹരമാണ്. ബിജെപിയുടെ വിദ്വേഷ പ്രചാരണത്തെ പ്രതിപക്ഷ 'ഇന്ഡ്യ' ബ്ലോക്കിന്റെ പ്രതിരോധവും ഗാര്ഡിയന് ചൂണ്ടിക്കാണിച്ചു. ലോകപ്രശസ്ത മാധ്യമമായ 'ബിബിസി' മോദിയുടെ പ്രതീക്ഷിച്ച ഭൂരിപക്ഷം കുറഞ്ഞുവെന്നും അടിവരയിട്ടു. മോദിയുടെ ദശാബ്ദക്കാലത്തെ ഭരണകാലം അസ്വാസ്ഥ്യമാണെന്ന് സൂചിപ്പിക്കുന്നതാണ് തിരഞ്ഞെടുപ്പ് വിധിയെന്നും 'ബിബിസി' വിലയിരുത്തി. രാജ്യത്തുടനീളമുള്ള ബിജെപി ഓഫീസുകളില് ശോചനീയ മാനസികാവസ്ഥയാണന്നും 'ബിബിസി' ഒരുപടി കടന്ന് റിപ്പോര്ട്ട് ചെയ്തു. മോദിക്കെതിരായ ആരോപണങ്ങളെ അഭിസംബോധന ചെയ്ത് പ്രതിപക്ഷ പാര്ട്ടികള് നടത്തിയ കടുത്ത പ്രചാരണത്തെയും 'ബിബിസി' അംഗീകരിച്ചു.
മോദിയുടെ അജയ്യതയുടെ പ്രഭാവലയത്തിന്റെ പെട്ടെന്നുള്ള തകര്ച്ചയെന്നാണ് 'ന്യൂയോര്ക്ക് ടൈംസി'ന്റെ അഭിപ്രായം. മോഡിയുടെ ഭരണത്തിനുള്ള തിരിച്ചടിയെ സൂചിപ്പിക്കുന്നതാണെന്നും മാധ്യമം റിപ്പോര്ട്ട് ചെയ്തു. ഭരണവിരുദ്ധ വികാരത്തെ മറികടക്കാന് മോദിക്ക് കഴിഞ്ഞില്ലെന്നും 'ന്യൂയോര്ക്ക് ടൈംസ്' വിലയിരുത്തി.എന്ഡിഎക്ക് തിരഞ്ഞെടുപ്പിലേറ്റ പ്രഹരത്തെ മോദിയെ മോദിയുടെ 'വ്യക്തിപരമായ തിരിച്ചടി' എന്നാണ് 'ഡിഡബ്ല്യു', 'ദ ടെലിഗ്രാഫ്' എന്നീ മാധ്യമങ്ങള് വിലയിരുത്തിയത്. തിരഞ്ഞെടുപ്പില് മോദി വിജയം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പാര്ട്ടി ഞെട്ടിക്കുന്ന നഷ്ടം നേരിടുകയാണെന്ന് സിഎന്എന് റിപ്പോര്ട്ട് ചെയ്തു. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയിലെ നാടകീയമായ മാറ്റവും എക്സിറ്റ് പോളുകളും അടിസ്ഥാന യാഥാര്ത്ഥ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടും ഉയര്ത്തിക്കാട്ടിയാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ 'അല്ജസീറ' തലനാരിറകീഴി പരിശോധിച്ചത്. അയോധ്യ, ഫൈസാബാദ് എന്നിവിടങ്ങളിലെ ബിജെപിയുടെ അപ്രതീക്ഷിത തോല്വിയാണ് ശ്രദ്ധയില്പ്പെട്ടതെന്ന് 'അല്ജസീറ' ചൂണ്ടിക്കാട്ടി.
ജനങ്ങള് പ്രാദേശിക പ്രശ്നങ്ങളില് ശ്രദ്ധ കേന്ദ്രീകരിച്ചതും വോട്ടര്മാരിലെ ഐക്യവും ഭരണകക്ഷിക്ക് തിരിച്ചടിയായതായി 'ന്യൂസ് വീക്ക്' റിപ്പോര്ട്ട് ചെയ്തു. രാഷ്ട്രീയ വിശകലന വിദഗ്ധരും എക്സിറ്റ് പോളുകളും ബിജെപിക്ക് വന് വിജയം പ്രതീക്ഷിച്ചിരുന്നു. എന്നിട്ടും ബിജെപിയുടെ തോല്വിയുടെ തോത് പലരെയും അമ്പരപ്പിച്ചതായും 'ന്യൂസ് വീക്ക്' വിലയിരുത്തി. ബിജെപിക്കേറ്റ തിരിച്ചടിക്ക് കാരണം മോദിയുടെ വ്യക്തി പ്രഭാവത്തിന്റെ മങ്ങലായാണ് ലോക മാധ്യമങ്ങളുടെ വിലയിരുത്തല്. വിദ്വേഷ പ്രചാരണവും ഭരണ വിരുദ്ധ വികാരവുമെല്ലാം എന്ഡിഎയുടെ തിരിച്ചടിക്ക് ആക്കം കൂട്ടിയെന്ന് മാധ്യമങ്ങള് വിലയിരുത്തുമ്പോഴും പ്രതിപക്ഷമെന്ന നിലക്ക് 'ഇന്ഡ്യ' മുന്നണിയുടെ വളര്ച്ചയെയും പ്രശംസിച്ചു.
അന്ന് മോദി കയ്യൊഴിഞ്ഞു, ഇന്ന് കൈപിടിച്ചാനയിക്കുന്നു; ഇത് 'ആന്ധ്രാ സിംഹ'ത്തിന്റെ രാജകീയ തിരിച്ചുവരവ്