
ന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല് പുരോഗമിക്കുമ്പോള് ഇന്ഡോറില് വന് പ്രകടനം കാഴ്ച്ചവെച്ച് നോട്ട. ആദ്യ മൂന്ന് മണിക്കൂര് പിന്നിടുമ്പോള് ഒന്നരലക്ഷത്തിലധികം വോട്ടാണ് നോട്ട പെട്ടിയിലാക്കിയത്. വോട്ടെടുപ്പിന്റെ അവസാനഘട്ടത്തില് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായ അക്ഷയ് കാന്തി ബാം നാമ നിര്ദേശ പത്രിക പിന്വലിച്ച് ബിജെപി ചേരുകയായിരുന്നു. തുടര്ന്ന് മണ്ഡലത്തിലെ വോട്ടര്മാരോട് നോട്ടയ്ക്ക് വോട്ട് ചെയ്യാന് കോണ്ഗ്രസ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് നോട്ട മണ്ഡലത്തില് താരമായത്.
ബിജെപി സ്ഥാനാര്ത്ഥിയും സിറ്റിംഗ് എംപിയുമായ ശങ്കര് ലാല്വാനിയാണ് ഇവിടെ മുന്നിലുള്ളത്. 6,64,686 വോട്ടുമായാണ് ബിജെപി സ്ഥാനാര്ത്ഥി ലീഡ് ചെയ്തത്. അക്ഷയ് കോണ്ഗ്രസ് വിട്ടതോടെ പാര്ട്ടി ചിഹ്നത്തില് മറ്റൊരു സ്ഥാനാര്ത്ഥിയെ മത്സരിപ്പിക്കാനുള്ള നീക്കം കോണ്ഗ്രസ് നടത്തിയിരുന്നു. എന്നാല് ഹൈക്കോടതി തടഞ്ഞതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യാന് കോണ്ഗ്രസ് ആഹ്വാനം ചെയ്യുകയായിരുന്നു.