
കൊൽക്കത്ത: എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയും. എക്സിറ്റ് പോൾ ഗോദി മീഡിയയുടെ സൃഷ്ടിയാണെന്നും ജനവിധി തൃണമൂൽ കോൺഗ്രസിന് ഒപ്പമാണെന്നും മമത പ്രതികരിച്ചു. പ്രവർത്തകരോട് പൂർണ്ണ ആത്മവിശ്വാസത്തിൽ തുടരാനും വോട്ടെണ്ണൽ വരെയുള്ള ദിവസങ്ങൾ ജാഗ്രത പുലർത്താനും അവർ ആഹ്വാനം ചെയ്തു. '2016, 2019, 2021 തുടങ്ങി വർഷങ്ങളിൽ നടന്ന ലോക്സഭാ- നിയമ സഭ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോളുകൾ നമുക്ക് മുന്നിൽ തെളിവായി ഉണ്ട്. ബിജെപി നേട്ടമുണ്ടാക്കുമെന്ന് പറഞ്ഞ ഈ എക്സിറ്റ് പോളുകളിൽ ബിജെപിയെ തീർത്തും അപ്രസക്തമാക്കി തൃണമൂൽ കോൺഗ്രസ് വിജയിച്ചു കയറി. സമാന സാഹചര്യം ആവർത്തിക്കും' മമത പ്രതികരിച്ചു.
അതെ സമയം പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്നാണ് ഭൂരിഭാഗ എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. ന്യൂസ് 18 എക്സിറ്റ് പോൾ പ്രകാരം പശ്ചിമ ബംഗാളിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 21-24 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. തൃണമൂൽ കോൺഗ്രസ് 18-21 സീറ്റുകൾ നേടും. ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് 22-26 സീറ്റുകളും ടിഎംസിക്ക് 14-18 സീറ്റുകളും കോൺഗ്രസിന് 1-2 സീറ്റുകളും ലഭിക്കുമെന്ന് ഇന്ത്യ ടിവി സർവേ പറയുന്നു. എബിപി ന്യൂസ്-സീ വോട്ടർ എക്സിറ്റ് പോൾ സർവ്വേയും പശ്ചിമ ബംഗാളിൽ ബിജെപിക്ക് വൻ വിജയം പ്രവചിക്കുന്നു. ബിജെപി 23-27 സീറ്റുകളും തൃണമൂൽ കോൺഗ്രസിന് 13-17 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. കോൺഗ്രസിന് 1-3 സീറ്റുകൾ ലഭിക്കും.
ന്യൂസ് 24-ടുഡേയുടെ ചാണക്യ അനാലിസിസ് പ്രകാരം ബിജെപി 24 സീറ്റും ടിഎംസിക്ക് 17 സീറ്റും കോൺഗ്രസിന് 1 സീറ്റും ലഭിക്കും. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ പ്രകാരം ബിജെപിക്ക് 26-31 സീറ്റുകളും ടിഎംസിക്ക് 11-14 സീറ്റുകളും ഇന്ത്യാ ബ്ലോക്കിന് 0-2 സീറ്റുകളും ലഭിക്കും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റുകളിൽ 22 എണ്ണത്തിൽ ടിഎംസിയും 18 സീറ്റ് ബിജെപിയും വിജയം നേടിയിരുന്നു. കോൺഗ്രസിന് 2 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
അസം ജോർഹട്ടിലെ അഭിമാന പോരിൽ കോൺഗ്രസിന്റെഗൗരവ് ഗൊഗോയ് തോൽക്കുമെന്ന് എക്സിറ്റ് പോൾ സർവ്വേ