
ന്യൂഡല്ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഗമവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് നടത്താൻ കമ്മീഷനായെന്ന് മോദി പറഞ്ഞു. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏതൊരാള്ക്കും പ്രതീക്ഷ നൽകുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇന്ത്യയിൽ നടന്നതെന്നും മോദി പറഞ്ഞു. ഏഴാം ഘട്ട വോട്ടെടുപ്പും അവസാനിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്ത്തിയായതോടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
അതേസമയം വോട്ടെടുപ്പ് അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരികയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില് എന്ഡിഎക്ക് മൂന്നാം ടേം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകള്. 2019-നെ അപേക്ഷിച്ച് ഇന്ഡ്യാ മുന്നണി നിലമെച്ചപ്പെടുത്തുമെന്നും പ്രവചിക്കുന്നു.
2019 ലോക്സഭാ തെരഞ്ഞെടുപ്പില് 353 സീറ്റുകളാണ് എന്ഡിഎ നേടിയത്. അതേസമയം ഫലം വരുമ്പോള് തങ്ങള് വിജയിക്കുമെന്ന പ്രതീക്ഷയില് തന്നെയാണ് ഇന്ഡ്യാ മുന്നണി. ഇന്ന് ചേര്ന്ന യോഗത്തിന് ശേഷം 295 സീറ്റില് വരെ വിജയിക്കാനാവുമെന്ന് പ്രതീക്ഷ പ്രതിപക്ഷ മുന്നണി പങ്കുവെച്ചിട്ടുണ്ട്. ഉത്തര്പ്രദേശ്-40, രാജസ്ഥാന്-7, മഹാരാഷ്ട്ര-24, ബീഹാര്-22, തമിഴ്നാട്-39, കേരളം-20, ബംഗാള് 24 (തൃണമൂല് കോണ്ഗ്രസ് സീറ്റ് അടക്കം), പഞ്ചാബ്-14, ചണ്ഡീഗഢ്-5, ജാര്ഖണ്ഡ്-10, മധ്യപ്രദേശ്-7, ഹരിയാന-7, കര്ണ്ണാടക-15-16 വരെ സീറ്റ് എന്നിങ്ങനെയാണ് ഇന്ഡ്യാ മുന്നണി കണക്ക് കൂട്ടല്.