
ഭോപ്പാല്: സംസ്ഥാനത്ത് 10 സീറ്റിലധികം വിജയിക്കുമെന്ന ആത്മവിശ്വാസത്തില് വോട്ടെണ്ണുന്ന ജൂണ് നാലിലേക്ക് ഒരു ക്വിന്റല് ലഡുവിന് ഓര്ഡര് കൊടുത്ത് മധ്യപ്രദേശ് കോണ്ഗ്രസ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില് സംസ്ഥാനത്തെ 29 സീറ്റുകളില് ഒരു സീറ്റില് മാത്രം വിജയിക്കാനേ കോണ്ഗ്രസിന് കഴിഞ്ഞിരുന്നുള്ളു. നിയമസഭ തിരഞ്ഞെടുപ്പിലും വലിയ തിരിച്ചടി നേരിട്ടിരുന്നു. പക്ഷെ ഇക്കുറി വലിയ ഭൂരിപക്ഷത്തോടെ തങ്ങളുടെ സ്ഥാനാര്ത്ഥികള് വിജയിച്ചു കയറിവരുമെന്നാണ് മധ്യപ്രദേശിലെ കോണ്ഗ്രസ് നേതാക്കള് കരുതുന്നത്.
പത്ത് സീറ്റിലധികം സീറ്റുകളില് ഇത്തവണ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പിസിസി അദ്ധ്യക്ഷന് ജിതു പട്വാരി. കഴിഞ്ഞ നാല് മാസത്തിനിടെ ഒരുപാട് മുതിര്ന്ന നേതാക്കളും ലക്ഷത്തിലധികം നേതാക്കളും കോണ്ഗ്രസ് വിട്ടിരുന്നു. എന്നാല് ഈ തിരിച്ചടികളൊക്കെ മറികടന്ന് വിജയിക്കുമെന്ന് കോണ്ഗ്രസ് നേതാക്കള് പറയുന്നു. ചൊവ്വാഴ്ച രാവിലെ വോട്ടെണ്ണല് ആരംഭിക്കുന്നത് വരെ വോട്ടിംഗ് യന്ത്രങ്ങള് സൂക്ഷിച്ച ഇടങ്ങളില് ജാഗ്രതയോടെ ഉണ്ടാവണമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഭന്വര് ജിതേന്ദ്ര സിങ് പ്രവര്ത്തകര്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്.
വിജയാഘോഷം നടത്തുന്നതിന് വേണ്ടി ഒരു ക്വിന്റല് ലഡുവിന് ഓര്ഡര് നല്കിയതായി കോണ്ഗ്രസ് വക്താവ് അവ്നീഷ് ബുന്ദേല പറഞ്ഞു. വോട്ടെണ്ണല് ദിനത്തില് ഭോപ്പാലിലേക്ക് എത്തുന്നതിനായി നിരവധി പ്രവര്ത്തകര് ട്രെയിനിന് ടിക്കറ്റുകള് ബുക്ക് ചെയ്തിട്ടുണ്ട്.
ബിജെപി ജനങ്ങള്ക്ക് വേണ്ടി പ്രവര്ത്തിച്ചിട്ടുണ്ടെങ്കില് ആഘോഷിക്കാന് ഒരവസരം കൂടി അവര്ക്ക് ലഭിക്കും. എന്നാല് ഇത്തവണ അവര്ക്ക് ആഘോഷിക്കാനുള്ളതല്ല. ആത്മപരിശോധനക്കുള്ളതാണ്. ഓരോ കോണ്ഗ്രസ് പ്രവര്ത്തകനും ആവേശത്തിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോണ്ഗ്രസ് പ്രവര്ത്തകര് ഭോപ്പാലിലേക്ക് ട്രെയിന് ടിക്കറ്റുകള് ബുക്ക് ചെയ്തിട്ടുണ്ട്. ഇത് മധ്യപ്രദേശില് മാത്രം സംഭവിക്കുന്ന കാര്യമല്ല, രാജ്യമൊട്ടാകെ ജനങ്ങള് സര്ക്കാരിനെ മാറ്റാന് തീരുമാനിച്ചു കഴിഞ്ഞെന്ന് കോണ്ഗ്രസ് മുഖ്യവക്താവ് അബ്ബാസ് ഹഫീസ് പറഞ്ഞു.