
/topnews/national/2024/05/30/pune-car-accident-case-accused-blood-sample-swapped-with-mother-blood
മുംബൈ: പൂനെയില് പതിനേഴുകാരന് ഓടിച്ച ആഢംബരകാറിടിച്ച് രണ്ട് യുവ എന്ജിനീയര്മാര് കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണത്തിൽ വീണ്ടും വിവാദം. കേസില്നിന്ന് 17കാരനെ രക്ഷിക്കാനായി ഡോക്ടര്മാര് നടത്തിയ ക്രമക്കേടുകള് സംബന്ധിച്ചാണ് കൂടുതല് വിവരങ്ങള് പുറത്തുവരുന്നത്. അപകടത്തിന് പിന്നാലെ പരിശോധനയ്ക്കായി 17കാരന്റെ രക്തസാമ്പിളുകള് ശേഖരിച്ചെങ്കിലും ഇതില് കൃത്രിമം നടത്തിയെന്നാണ് റിപ്പോര്ട്ട്. 17 കാരന്റെ രക്തസാമ്പിളിന് പകരം അമ്മയുടെ രക്തസാമ്പിള് ഉപയോഗിച്ചാണ് ഡോക്ടര്മാര് പരിശോധന നടത്തിയതെന്നും പൊലീസ് വൃത്തങ്ങള് അറിയിച്ചു.
മേയ് 19 ന് അപകടം നടന്നതിന് പിന്നാലെ 17കാരന് മദ്യപിച്ചിരുന്നോ എന്നതടക്കം കണ്ടെത്താനായി ഇയാളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു. തുടര്ന്ന് രക്തസാമ്പിളും ശേഖരിച്ചു. എന്നാല്, 17കാരന്റെ പിതാവും ഇടനിലക്കാരനും ഡോക്ടര്മാരെ സ്വാധീനിച്ച് വൈദ്യപരിശോധനയില് കൃത്രിമം കാട്ടിയതായാണ് കണ്ടെത്തല്. പ്രതിയുടെ രക്തസാമ്പിളിന് പകരം അമ്മയായ ശിവാനി അഗര്വാളിന്റെ രക്തസാമ്പിള് ഉപയോഗിച്ചാണ് പരിശോധന നടത്തിയതെന്നും തുടര്ന്ന് പ്രതിക്ക് അനുകൂലമായ വൈദ്യപരിശോധനാ ഫലം നല്കിയെന്നുമാണ് പൊലീസ് പറയുന്നത്. ഇതേത്തുടര്ന്ന് സംഭവസമയത്ത് പ്രതി മദ്യപിച്ചിട്ടില്ലെന്ന വൈദ്യപരിശോധന ഫലമാണ് കിട്ടിയതെന്നും പൊലീസ് പറയുന്നു. ശിവാനി അഗര്വാള് ഈസമയം ആശുപത്രിയിലുണ്ടായിരുന്നതായും റിപ്പോര്ട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പുണെ സസൂണ് ജനറല് ആശുപത്രിയിലെ ഫൊറന്സിക് വിഭാഗം മേധാവി ഡോ അജയ് താവഡെ, അത്യാഹിതവിഭാഗത്തിലെ മെഡിക്കല് ഓഫീസര് ഡോ ശ്രീഹരി ഹല്നോര് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രക്തസാമ്പിളിലും വൈദ്യപരിശോധനയിലും കൃത്രിമം കാട്ടാനായി ഡോ അജയ് താവഡെ മൂന്നുലക്ഷം രൂപ നല്കിയിരുന്നതായി കൂട്ടുപ്രതിയായ ഡോ ശ്രീഹരിയും പൊലീസിനോട് സമ്മതിച്ചിരുന്നു. കേസില് ശിവാനി അഗര്വാളിനായും പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം. എന്നാല് ഇവര് പൂനെയില്നിന്ന് കടന്നുകളഞ്ഞെന്നാണ് സൂചനയെന്നും വിവിധ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
മേയ് 19ന് പുലര്ച്ചെയോടെയാണ് 17കാരന് ഓടിച്ച പോര്ഷെ കാറിടിച്ച് ബൈക്ക് യാത്രക്കാരായ യുവ എന്ജിനീയര്മാര് കൊല്ലപ്പെട്ടത്. പുനെയിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരായ അശ്വിനി കോസ്റ്റ, അനീഷ് ആവാഡിയ എന്നിവര്ക്കാണ് സംഭവത്തില് ജീവന് നഷ്ടമായത്. പ്ലസ്ടു ജയിച്ചതിന്റെ പാര്ട്ടി കഴിഞ്ഞ് മദ്യലഹരിയിലാണ് 17കാരന് അതിവേഗത്തില് പോര്ഷെ കാറില് യാത്രചെയ്തതെന്ന് അന്വേഷണത്തില് കണ്ടെത്തിയിരുന്നു. അതിനിടെ അപകടം നടന്ന് 15 മണിക്കൂറിനുള്ളില് 17കാരന് ജാമ്യം അനുവദിച്ചത് വ്യാപക വിമര്ശനത്തിനിടയാക്കി. ഇത് വാര്ത്തായയതോടെ പൂനെ അപകടം ദേശീയശ്രദ്ധ നേടി. പിന്നാലെ സംഭവം ഒതുക്കിതീര്ക്കാന് ശ്രമിച്ച 17കാരന്റെ പിതാവും മുത്തച്ഛനും ഉള്പ്പെടെയുള്ളവര് അറസ്റ്റിലായി. പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കി. പതിനേഴുകാരന് ഉള്പ്പെടെയുള്ളവര്ക്ക് മദ്യം വിളമ്പിയ പബ്ബ് ജീവനക്കാരും ഉടമകളും പിടിയിലായി. ഇതിനുപിന്നാലെയാണ് ജനറല് ആശുപത്രിയിലെ ഡോക്ടര്മാരും കേസില് അറസ്റ്റിലായത്.