
കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ധ്യാനം ആരംഭിച്ചു. കന്യാകുമാരിയിലെ വിവേകാനന്ദ പാറയിലാണ് മോദിയുടെ ധ്യാനം. ദേവീ ക്ഷേത്രത്തിലെ ദർശനത്തിന് ശേഷമാണ് മോദി വിവേകാനന്ദ പാറയിലേക്ക് എത്തിയത്. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് വിമാനമാർഗം തിരുവനന്തപുരത്തും അവിടുന്ന് ഹെലികോപ്റ്റർ മാർഗ്ഗവുമാണ് മോദി കന്യാകുമാരിയിൽ എത്തിയത്. കന്യാകുമാരി ദേവീ ക്ഷേത്ര ദർശനത്തിന് ശേഷം ബോട്ടിൽ വിവേകാനന്ദ പാറയിലേക്ക് പോവുകയായിരുന്നു.
വെള്ള വസ്ത്രങ്ങൾ ധരിച്ചു വിവേകാനന്ദ സ്മാരകത്തിലേക്ക് നടന്നു കയറിയ നരേന്ദ്രമോദി ശനിയാഴ്ച വൈകുന്നേരം വരെ ധ്യാന നിമഗ്നൻ ആയിരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിലാണ് പ്രധാനമന്ത്രി ധ്യാനത്തിനായി കന്യാകുമാരിയിൽ എത്തിയത്. മോദിയുടെ ധ്യാനം പ്രതിപക്ഷ കക്ഷികൾ വലിയ രാഷ്ട്രീയായുധമാക്കുന്നുണ്ട്. അവസാനഘട്ട തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള തന്ത്രമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം.
ധ്യാനത്തിന് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിലക്കേർപ്പെടുത്തണമെന്ന പ്രതിപക്ഷാവശ്യം തുരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ധ്യാനമിരിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കാണാനാവില്ലെന്നാണ് കമ്മീഷന്റെ നിലപാട്. മോദിയുടെ ധ്യാനം പെരുമാറ്റച്ചട്ട ലംഘനമല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
മോദി കന്യാകുമാരിയിലെത്തി; വിവേകാനന്ദ പാറയിൽ രണ്ട് ദിവസം ധ്യാനം