റെമാൽ ചുഴലിക്കാറ്റ് പശ്ചിമബംഗാളിൽ കരതൊട്ടു; ഒരു ലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പിൽ

വീടുകളിൽ സുരക്ഷിതമായിരിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ജനങ്ങളോട് അഭ്യർത്ഥിച്ചു

dot image

കൊൽക്കൊത്ത: റെമാൽ ചുഴലിക്കാറ്റ് പശ്ചിമബംഗാളിൽ കരതൊട്ടു. ബംഗാളിൽ കനത്ത മഴ തുടരുകയാണ്. ഒരു ലക്ഷത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് ബംഗാൾ സർക്കാർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴുപ്പിച്ചു. ബംഗാളിലെ തീര പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ബംഗാളിൽ പലയിടത്തും വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയത് ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. അസമിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അസമിലെ ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കൊല്ക്കത്ത വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മുതൽ വിമാന സർവ്വീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച രാവിലെ 9 വരെ സർവീസ് നിർത്തിവെയ്ക്കാനാണ് തീരുമാനം.

നോർത്ത്, സൗത്ത് 24 പർഗാനാസ്, കിഴക്കൻ മിഡ്നാപൂർ ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഓട് മേഞ്ഞ വീടുകളുടെ മേൽക്കൂര പറന്നുപോയതായും, വൈദ്യുത തൂണുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. കൊൽക്കത്തയോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലെ തെരുവുകളും വീടുകളും വെള്ളത്തിനടിയിലായി. തീരദേശ റിസോർട്ട് പട്ടണമായ ദിഘയിലെ കടൽഭിത്തിയിൽ ഭീമാകാരമായ തിരമാലകൾ ആഞ്ഞടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കൊൽക്കത്തയിലെ ബിബിർ ബഗാൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് മതിൽ തകർന്ന് ഒരാൾക്ക് പരിക്കേറ്റു.

ചുഴലിക്കാറ്റ് തീരംതൊടുന്നതിന് മുന്നോടിയായി തീരപ്രദേശങ്ങളിൽ നിന്നും അപകട സാധ്യത കൂടിയ മേഖലകളിൽ നിന്നും ഏകദേശം 1.10 ലക്ഷം ആളുകളെ സ്കൂളുകളിലും കോളേജുകളിലും ഒരുക്കിയിരിക്കുന്ന ഷെൽട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. സൗത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നുള്ള ആളുകളെ, പ്രത്യേകിച്ച് സാഗർ ദ്വീപ്, സുന്ദർബൻസ്, കാക്ദ്വീപ് എന്നിവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി. കൂടുതൽ എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ബംഗാൾ ഗവർണർ സി വി ആനന്ദബോസ് അടിയന്തര യോഗം വിളിച്ച് സ്ഥിഗതികൾ വിലയിരുത്തി. വീടുകളിൽ സുരക്ഷിതമായിരിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ ചുഴലിക്കാറ്റും കടന്നുപോകും, സർക്കാർ കൂടെയുണ്ടെന്നായിരുന്നു മമത ബാനർജിയുടെ പ്രതികരണം.

dot image
To advertise here,contact us
dot image