
മൈസുരു: കർണാടക രാഷ്ട്രീയത്തിലെ അതികായനായ മുഖ്യമന്ത്രി സിദ്ദരാമയ്യ കഴിഞ്ഞ ദിവസം ഒരു വെളിപ്പെടുത്തൽ നടത്തി. തന്റെ ആദ്യ പ്രണയിനിയെ കുറിച്ചായിരുന്നു അത്. കോളേജ് കാലത്തെ പ്രണയവും നഷ്ടവും ഓർത്തെടുക്കുകയായിരുന്നു അദ്ദേഹം. ബുദ്ധപൂർണ്ണിമ ദിവസം മിശ്രവിവാഹങ്ങൾ ആഘോഷിക്കുന്ന ഒരു പരിപാടിയിലായിരുന്നു അദ്ദേഹം മനസ്സ് തുറന്നത്.
'കോളേജ് വിദ്യാർത്ഥിയായിരിക്കെ ഞാൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. തെറ്റിദ്ധരിക്കരുത്. എനിക്ക് അവളെ വിവാഹം ചെയ്യണമെന്നുണ്ടായിരുന്നു. ഞാൻ അവളുടെ കുടുംബത്തോട് വിവാഹത്തെ കുറിച്ച് സംസാരിച്ചപ്പോൾ അവർ സമ്മതിച്ചില്ല. എന്റേത് മറ്റൊരു ജാതിയായതിനാലായിരുന്നു അത്. ആ പെൺകുട്ടിയും സമ്മതിച്ചില്ല'; സിദ്ദരാമയ്യ പറഞ്ഞു. ഇതോടെ തനിക്ക് മറ്റൊരു മാർഗമുണ്ടായിരുന്നില്ല, എല്ലാവരെയും പോലെ താനും തന്റെ സമുദായത്തിൽ നിന്ന് തന്നെ വിവാഹം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാതിയുടെ പേരിൽ തന്റെ പ്രണയം നഷ്ടപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിദ്ദരാമയ്യ പറഞ്ഞ് നിർത്തിയതോടെ സദസ്സിൽ നിന്ന് കൈയടികളുയർന്നു. അൽപ്പം ഗൃഹാതുരമായ ഓർമ്മകളിൽ മുങ്ങിപ്പോയ മുഖ്യമന്ത്രിയെ കൈയടികളാൽ ആൾക്കൂട്ടം ആശ്വസിപ്പിക്കുക കൂടിയായിരുന്നു.
തന്റെ കൈപ്പേറിയ അനുഭവം പങ്കുവച്ച സിദ്ദരാമയ്യ, മിശ്രവിവാഹത്തിനുള്ള എല്ലാ പിന്തുണയും ഉറപ്പ് നൽകി. ജാതിക്ക് പുറത്തുനിന്ന് വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തന്റെ സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. ജാതീയത ഇല്ലാതാക്കാൻ രണ്ട് വഴികളാണ് ഉള്ളത്. ഒന്ന് മിശ്രവിവാഹവും മറ്റേത് സാമൂഹിക-സാമ്പത്തിക ഉന്നമനവുമാണെന്നും സിദ്ദരാമയ്യ പറഞ്ഞു.