കോൺഗ്രസിന് വോട്ട് ചെയ്യാതെ ഗാന്ധികുടുംബം; ചരിത്രത്തിലാദ്യം

സോണിയയും രാഹുലും ഒന്നിച്ചാണ് നിർമ്മാൺ ഭവനിലെ പോളിംഗ് ബൂത്തിലെത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തെത്തിയ ഇരുവരും ചേർന്ന് സെൽഫിയെടുക്കുകയും ചെയ്തു.

dot image

ഡൽഹി: ചരിത്രത്തിലാദ്യമായി കോൺഗ്രസിന് വോട്ടു ചെയ്യാതെ ഗാന്ധികുടുംബം. ആം ആദ്മി പാർട്ടിക്കാണ് ഇത്തവണ സോണിയാ ഗാന്ധിയും രാഹുലും വോട്ട് ചെയ്തത്. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാർട്ടികൾ ഇൻഡ്യ സഖ്യം രൂപീകരിച്ചതോടെയാണ് കോൺഗ്രസ് എഎപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുക എന്ന സവിശേഷ സ്ഥിതിയുണ്ടായത്. ഡൽഹിയിൽ സോമനാഥ് ഭാരതിക്കാണ് രാഹുലും സോണിയയും വോട്ട് ചെയ്തത്. ബിജെപിയുടെ ബാൻസുരി സ്വരാജ് ആണ് ഇവിടെ എതിര്സ്ഥാനാര്ത്ഥി.

സോണിയയും രാഹുലും ഒന്നിച്ചാണ് നിർമ്മാൺ ഭവനിലെ പോളിംഗ് ബൂത്തിലെത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തെത്തിയ ഇരുവരും ചേർന്ന് സെൽഫിയെടുക്കുകയും ചെയ്തു. 'ജനാധിപത്യത്തിന്റെ ഈ വലിയ ഉത്സവത്തിലേക്ക് ഞാനും അമ്മയും വോട്ടുകൾ രേഖപ്പെടുത്തി സംഭാവന ചെയ്തു. എല്ലാവരും വീടുകളിൽ നിന്ന് പുറത്തിറങ്ങി നിങ്ങളുടെ അവകാശങ്ങൾക്കും കുടുംബത്തിന്റെ ഭാവിക്കും വേണ്ടി വോട്ട് രേഖപ്പെടുത്തണം'- ഡൽഹിയിലെ വോട്ടർമാരോട് രാഹുൽ പറഞ്ഞു. വോട്ട് ചെയ്ത ശേഷമുള്ള സെൽഫി പങ്കുവച്ചാണ് രാഹുൽ എക്സിൽ ഹിന്ദിയിൽ കുറിപ്പ് പങ്കുവച്ചത്.

രാഹുലിന്റെ സഹോദരി പ്രിയങ്കാ ഗാന്ധിയും ഭർത്താവ് റോബർട്ട് വദ്രയും മക്കളും രാവിലെ തന്നെ ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തി. എല്ലാവരും വോട്ട് രേഖപ്പെടുത്താനെത്തണമെന്നും ഇന്ഡ്യ മുന്നണിക്ക് അവസരം നല്കണമെന്നും റോബര്ട്ട് വദ്ര അഭ്യർത്ഥിച്ചു. ഇന്ഡ്യ മുന്നണി രാഹുല് ഗാന്ധിയെ പ്രധാനമന്ത്രി മുഖമായി തിരഞ്ഞെടുത്തുവെന്നാണ് അറിവെന്നും അദ്ദേഹം പ്രതികരിച്ചു. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വേണ്ടിയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. റെയ്ഹാന് വദ്രയും മിരയ വദ്രയും ഡല്ഹിയിലെ ലോധി എസ്റ്റേറ്റ് പോളിങ്ങ് ബൂത്തിലെത്തിയാണ് കന്നിവോട്ട് രേഖപ്പെടുത്തിയത്.

ഡൽഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. ചാന്ദ്നി ചൗക്ക്, നോർത്ത് ഈസ്റ്റ് ഡൽഹി, ഈസ്റ്റ് ഡൽഹി, ന്യൂ ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി എന്നിവയാണ് മണ്ഡലങ്ങൾ. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പോളിംഗാണ് ഇന്ന് നടക്കുന്നത്. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി നടക്കുന്ന ആറാംഘട്ട വോട്ടെടുപ്പിൽ 58 മണ്ഡലങ്ങളിലാണ് പോളിംഗ്. 889 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ആറാം ഘട്ട വോട്ടെടുപ്പിൽ 11.13 കോടി വോട്ടർമാരാണ് വിധി നിർണ്ണയിക്കുന്നത്. 5.84 കോടി പുരുഷവോട്ടർമാരും 5.29 കോടി സ്ത്രീ വോട്ടർമാരുമാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ജെഎൻയു മുൻ യൂണിയൻ പ്രസിഡന്റ് കനയ്യകുമാർ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇന്ന് ജനവിധി തേടുന്നുണ്ട്. മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധി, മനോജ് തിവാരി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തുടങ്ങിയവരും ഇന്ന് ജനവിധി തേടുന്ന പ്രമുഖരിൽ ഉൾപ്പെടുന്നു. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

LIVE BLOG: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, ഡൽഹി ഇന്ന് വിധിയെഴുതുന്നു
dot image
To advertise here,contact us
dot image