
ഗാന്ധിനഗര്: ഗുജറാത്തില് വന് തീപ്പിടിത്തത്തില് 22 പേര് മരിച്ചു. മരിച്ചവരില് കുട്ടികളും പെടും. മരിച്ചവരില് നാലുപേരെ തിരിച്ചറിഞ്ഞു. ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിംഗ് സോണിലാണ് തീപിടിത്തമുണ്ടായത്. ഗെയിം സോണിലെ മുഴുവന് സൗകര്യങ്ങളും അഗ്നിക്കിരയായതിനെത്തുടര്ന്ന് കുട്ടികള് ഉള്പ്പെടെ നിരവധി ആളുകള് കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. സംഭവത്തില് സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അഗ്നിശമനസേനയുടെ നാല് വാഹനങ്ങള് സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയും രക്ഷാപ്രവര്ത്തനം ആരംഭിക്കുകയും ചെയ്തു. തീ നിയന്ത്രണവിധേയമാക്കാനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുമുള്ള ശ്രമങ്ങള് പുരോഗമിക്കുകയാണ്.
ടിആര്പി ഗെയിം സോണിലെ താല്ക്കാലിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. നിരവധി പേര് അകത്ത് കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ടെന്നും തീ അണച്ചതിന് ശേഷം വ്യക്തമായ വിലയിരുത്തല് നല്കാനാകുമെന്നും രാജ്കോട്ട് പൊാലീസ് കമ്മീഷണര് രാജു ഭാര്ഗവ് പറഞ്ഞു. തീപ്പിടിത്തം ദാരുണസംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രക്ഷാപ്രവര്ത്തനത്തിന് എല്ലാ സഹായവും നല്കാന് പ്രാദേശിക ഭരണകൂടം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവര്ക്ക് അടിയന്തര ചികിത്സ നല്കുന്നതിനുള്ള ക്രമീകരണങ്ങള്ക്ക് മുന്ഗണന നല്കാന് അധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല് പറഞ്ഞു.
രാജ്കോട്ടിലെ ഗെയിം സോണിലുണ്ടായ തീപിടിത്തത്തില് അടിയന്തര രക്ഷാപ്രവര്ത്തനത്തിനും ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്കുമായി മുനിസിപ്പല് കോര്പ്പറേഷനും ഭരണകൂടത്തിനും നിര്ദ്ദേശങ്ങള് നല്കിയിട്ടുണ്ടെന്നും ഭൂപേന്ദ്ര പട്ടേല് ട്വീറ്റ് ചെയ്തു. കാറ്റ് വീശുന്നതിനാല് തീയണയ്ക്കല് ബുദ്ധിമുട്ടാണെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥന് പറഞ്ഞു.